
ആഗസ്റ്റ് 1 – സുറിയാനി ഓർത്തഡോക്സ് സഭയുടെ ലിറ്റർജിക്കൽ കലണ്ടർ പ്രകാരം ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും അവരുടെ ഗുരുനാഥനായ മോർ ഏലിയാസറിന്റേയും ദുഃഖ്റോനോ പെരുന്നാൾ കൊണ്ടാടുന്നു.
ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന് 167 വർഷം മുമ്പ് പുണ്യഭൂമിയിൽ ജീവിച്ചിരുന്ന ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴു മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലിയാസറിന്റെയും ത്യാഗോജ്വലമായ ജീവചരിത്രം വി. ഗ്രന്ഥത്തിൽ 2 മക്കാബിയർ 7-ാം അധ്യായത്തിൽ പ്രതിപാദിക്കുന്നു. ‘നവവിശുദ്ധർ’ എന്നാണ് ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയും മക്കളായ ഏഴ് സഹദേന്മാരും അവരുടെ ഗുരുവായ ഏലിയാസറും അറിയപ്പെടുന്നത്. സത്യദൈവത്തെ ആരാധിച്ച് ജീവിച്ചിരുന്ന ഇവരെ തിളച്ച എണ്ണയിൽ ഇട്ട് നിർദ്ദാക്ഷിണ്യം വധിച്ചു. ഇവർ ദൈവത്തിനുവേണ്ടി രക്തസാക്ഷി മരണം പ്രാപിച്ചവരാകയാൽ പരിശുദ്ധ സഭ ഇന്നും ഈ നവ വിശുദ്ധരെ ഭക്തിയാദരപൂർവ്വം ആദരിക്കുന്നു.
മർത്തശ്മൂനി അമ്മയും ഏഴ് ആൺ മക്കളും അന്തിയോക്കസ് നാലാമൻ ചക്രവർത്തിയുടെ കാലത്ത് സത്യവിശ്വാസത്തിൽ നിലനിന്ന് രക്തസാക്ഷിത്വം വഹിക്കുകയാണുണ്ടായത്. ഗ്രീക്ക് രാജാവായ അന്ത്യോക്കസ് എപ്പിഫാനസ് ഇസ്രായേല് ജനതയെ സത്യവിശ്വാസത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുകയും അടിമകളാക്കുകയും ചെയ്തു. തനിക്ക് എതിരായി നിൽക്കുന്ന എല്ലാവരേയും രാജാവ് ക്രൂരമായി കൊന്നൊടുക്കി. സത്യദൈവവിശ്വാസം ഉപേക്ഷിക്കുന്നതിനു വിസമ്മതിച്ച മാര് ഏലിയാസറിനേയും, മർത്തശ്മൂനി അമ്മയുടെ ഏഴുമക്കളെയും, അതിന് ശേഷം മർത്തശ്മൂനി അമ്മയെയും ക്രൂരമായി കൊന്നു. തന്റെ മക്കളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് കണ്ടിട്ടും ദൈവത്തിലുള്ള പ്രത്യാശ നിമിത്തം നല്ല ധൈര്യത്തോടെ മർത്തശ്മൂനി അമ്മ അതെല്ലാം സഹിച്ച് നിന്നു.
ദൈവത്തിന്റെ ന്യായപ്രമാണം പിന്തുടർന്നതിന്റെ പേരിൽ രക്തസാക്ഷിത്വത്തിന്റെ കിരീടം നേടി. ക്രിസ്തുവിന്റെ കാലത്തിനു മുമ്പാണ് അവർ ജീവിച്ചിരുന്നതെങ്കിലും, രക്തസാക്ഷിത്വത്തിന്റെ കിരീടം നേടിയതിന് വിശുദ്ധന്മാരുടെ കൂട്ടത്തിൽ അവർ കണക്കാക്കപ്പെടുന്നു. ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും മദ്ധ്യസ്ഥതയിൽ ലോകമെങ്ങും നിരവധി അത്ഭുതങ്ങൾ നടക്കുന്നു. ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹദേന്മാരായ ഏഴ് മക്കളുടേയും ബഹുമാനാർത്ഥം സമർപ്പിച്ചിരിക്കുന്ന നിരവധി സുറിയാനി പള്ളികളുണ്ട്. 1500 വർഷത്തോളം പഴക്കമുള്ള ഇറാഖിലെ കാർഖോഷിലുള്ള മർത്തശ്മൂനി സിറിയക് ഓർത്തഡോക്സ് ദൈവാലയമാണ് പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഇടവക ദൈവാലയം.ശുദ്ധിമതിയായ അമ്മയുടെയും മക്കളുടെയും ഗുരുവിന്റെയും സജീവ സാന്നിദ്ധ്യവും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന അനുഭവ സാക്ഷ്യങ്ങളും ഏറെ പ്രസിദ്ധമാണ്. പരിശുദ്ധ സഭ ആഗസ്റ്റ് 1 ന് നവ വിശുദ്ധരുടെ ഓർമ്മപ്പെരുന്നാൾ ഭകത്യാദരപൂർവ്വം കൊണ്ടാടുന്നു.
ശുദ്ധിമതിയായ അമ്മയുടെയും മക്കളുടെയും ഗുരുവിന്റെയും സജീവ സാന്നിദ്ധ്യവും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന അനുഭവ സാക്ഷ്യങ്ങളും ഏറെ പ്രസിദ്ധമാണ്. പരിശുദ്ധ സഭ ആഗസ്റ്റ് 1 ന് നവ വിശുദ്ധരുടെ ഓർമ്മപ്പെരുന്നാൾ ഭകത്യാദരപൂർവ്വം കൊണ്ടാടുന്നു.
