തൃപ്പൂണിത്തുറ ● വിശുദ്ധന്മാരുടെ ജീവിത വഴികൾ സാംശീകരിച്ചുകൊണ്ട് ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുവാനും സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തൃപ്പൂണിത്തുറ നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി റോയൽ മെട്രോപ്പോലീത്തൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന താപസ ശ്രേഷ്ഠൻ മൂക്കഞ്ചേരിൽ വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചന്റെ 127-ാം ശ്രാദ്ധ ദിനാചരണത്തിൽ വി. കുർബ്ബാനയർപ്പണത്തിനു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ശ്രേഷ്ഠമായ പ്രാർത്ഥനാ ജീവിതത്തിലൂടെയും ഉപവാസത്തിലൂടേയും ആത്മസംയമനത്തിലൂടേയും മാത്രമേ നന്മയുടേതായ എല്ലാ പ്രവർത്തികളും ഫലവത്താകൂ എന്ന് 19-ാം നൂറ്റാണ്ടിൽ ജനിച്ചു ജീവിച്ച വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്തുവിൻ്റെ പാത പിൻപറ്റി എല്ലാവരിലേക്കും ഇറങ്ങിച്ചെന്ന് പ്രാർത്ഥന കൊണ്ടുള്ള ആശ്വാസവും സൗഖ്യവും നൽകുവാനും കൂടാതെ സാധാരണക്കാരായ മനുഷ്യരുടെ പ്രയാസങ്ങൾ കേൾക്കുവാനും അവർക്ക് ആവശ്യമായവ ചെയ്തു കൊടുക്കുവാനും വചനം പ്രഘോഷിക്കുവാനും റമ്പാച്ചന് സാധിച്ചിരുന്നു. അനേകർക്ക് വലിയ പ്രാർത്ഥനാ സങ്കേതവും ആശ്വാസവുമായിരുന്ന റമ്പാച്ചൻ പരുമല കൊച്ചു തിരുമേനിയുടെ വഴി കാട്ടിയായിരുന്നുവെന്നും ജാതി, മത ഭേദമന്യേ അനേകർക്ക് ആശ്രയമായി ഇന്നും നിലകൊള്ളുന്നുവെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു
തുടർന്ന് വന്ദ്യ റമ്പാച്ചന്റെ കബറിങ്കലും, മോർ കൗമായുടെ തിരുശേഷിപ്പ് സ്ഥാപിതമായ സ്ഥലത്തും ശ്രേഷ്ഠ ബാവ ധൂപ പ്രാർത്ഥന നടത്തി. വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. സ്ലീബ കളരിക്കൽ, ട്രസ്റ്റിമാരായ മാത്യു പോൾ പട്ടശ്ശേരിൽ, ബെന്നി ഐസക് പുന്നയ്ക്കൽ, ജനറൽ കൺവീനർ ബിജു പത്രോസ് കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ നിന്ന് റമ്പാച്ചന്റെ ഛായാചിത്രം, ഭദ്രദീപം, പാത്രിയർക്കാ പതാക എന്നിവ വഹിച്ചുകൊണ്ടുള്ള കാൽനട തീർഥയാത്ര ഭക്തിനിർഭരമായി നടത്തപ്പെട്ടു. കരിങ്ങാച്ചിറ കത്തീഡ്രൽ, ചാത്താരി സെൻ്റ് മേരീസ് കുരിശുപള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നടമേൽ പള്ളിയുടെ പ്രധാന കവാടത്തിൽ യാത്രയെ സ്വീകരിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന നടന്നു. നൂറുക്കണക്കിന് വിശ്വാസികൾ തീർത്ഥയാത്രയിലും പെരുന്നാൾ ശുശ്രൂഷകളിലും സംബന്ധിച്ചു.





