മൂവാറ്റുപുഴ ● വനസംരക്ഷണവും വന്യജീവിസംരക്ഷണവും പരമപ്രധാനമെന്നതു പോലെ മനുഷ്യജീവനും ഉപജീവനമാർഗങ്ങൾക്കും ഭീഷണിയാകുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ കോതമംഗലം രൂപത നൽകിയ സ്വീകരണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
വനാതിര്‍ത്തിയോട് ചേര്‍ന്നു ജീവിക്കുന്നവർക്ക് വന്യജീവി ഭീതികൂടാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിന് സമഗ്രമായ നടപടികൾ വേണമെന്ന് ശ്രേഷ്ഠ ബാവ ആവശ്യപ്പെട്ടു. തീരദേശം നേരിടുന്ന വെല്ലുവിളികളും കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹരിക്കപ്പെടണമെന്നും തെരുവു നായ്ക്കളെ നിയന്ത്രണ വിധേയമാക്കേണ്ടത് സാമൂഹ്യ ആവശ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ മുന്നോട്ട് നയിക്കേണ്ടത്. എല്ലാ ക്രിസ്തീയ സഭകളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് സാമൂഹിക വളർച്ചയ്ക്ക് ആവശ്യമാണ്. തർക്കങ്ങളും വഴക്കുകളും വ്യവഹാരങ്ങളും ക്രിസ്തീയ സഭകൾക്ക് ഭൂഷണമല്ല. വ്യവഹാരങ്ങൾ മാറ്റിവെച്ച് ക്രിസ്തീയ മനോഭാവത്തോടെ ചർച്ചകൾ നടന്നാൽ സഭകൾക്കിടയിൽ പരിഹാര സാധ്യതകൾ ഉണ്ടാകുമെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രത്യേകിച്ച് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിലെ പ്രതിസന്ധികളിൽ കോതമംഗലം രൂപതയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും നൽകിയ പിന്തുണയെ ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. കെ. ഫ്രാൻസിസ് ജോർജ് എം.പി., ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ, രൂപതാ കൗൺസിൽ ഭാരവാഹികളായ ഫാ. പയസ് മലേകണ്ടത്തിൽ, ഫാ. ഫാ. വിൻസെന്റ് നെടുങ്ങാട്ട്, രൂപത മാതൃവേദി പ്രസിഡൻ്റ് ജാൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കോതമംഗലം രൂപത ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാരം സമർപ്പിച്ചു. സമ്മേളനത്തിൽ രൂപതയിലെ വൈദികരും സന്ന്യാസ സഭ-ഭക്തസംഘടന പ്രതിനിധികളും അടക്കം നൂറുകണക്കിന് വിശ്വാസികളും സംബന്ധിച്ചു.









