
– അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത
എഴുത്തുകാരനും വിവർത്തകനും സുറിയാനി സഭാ ചരിത്ര പണ്ഡിതനുമായ മാന്നാക്കുഴിയിൽ ജേക്കബ് വർഗീസ് സാറിൻ്റെ (82) വിയോഗം സഭയ്ക്കും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. സുറിയാനി ചരിത്ര രേഖകളുടെ പഠനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് അദ്ദേഹം.
മലയാളം, ഇംഗ്ലീഷ്, സുറിയാനി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം വിജ്ഞാനപ്രദമായ അനേകം ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. വേദപുസ്തകത്തിലും സഭാചരിത്രത്തിലും ആരാധനാ പാരമ്പര്യങ്ങളിലും അദ്ദേഹത്തിന് ആഴമായ അറിവുണ്ടായിരുന്നു. വായനക്കാർക്ക് അജ്ഞാതമായിരുന്ന പല സുറിയാനി രേഖകളും പരിഭാഷപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. മലങ്കരയിൽ ലഭ്യമല്ലാതിരുന്ന കൃതികൾ വിദേശത്തുനിന്നും കണ്ടെത്തുവാനും തർജ്ജമ ചെയ്യുവാനും സംശോധന ചെയ്യുന്നതിനും നടത്തിയ സമർപ്പിതമായ സേവനം എന്നും സ്മരിക്കപ്പെടും.
വന്ദ്യ എം.സി വർഗീസ് കോർ എപ്പിസ്കോപ്പായുടെയും പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ സഹോദര പുത്രി അന്നമ്മയുടെയും മകനായി 1943 സെപ്റ്റംബർ 9 ന് ജനിച്ചു.
അയിരൂരും ഇരവിപേരൂരും ഉള്ള സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിന് ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിലും തിരുവല്ല മാർത്തോമ കോളേജിലും ഉപരി പഠനം നടത്തി. ഗണിതശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം നേടി. അതിനുശേഷം കുറെ നാൾ അധ്യാപന വൃത്തിയിൽ ജോലി ചെയ്തു. പിന്നീട് കാനറാ ബാങ്ക് ഉദ്യാഗസ്ഥനായി കേരളത്തിലും പുറത്തും വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. 2001ൽ ജോലിയിൽ നിന്ന് വോളൻ്ററി റിട്ടയർമെൻ്റ് എടുത്തു. തുടർന്ന് സുറിയാനി ചരിത്ര രേഖകളുടെ പഠനത്തിനായി തന്റെ സമയം അദ്ദേഹം മാറ്റിവച്ചു.
ഈടുറ്റ പാശ്ചാത്യ സുറിയാനി പിതാക്കന്മാരുടെ കൃതികളുടെ മലയാള പരിഭാഷകൻ എന്ന നിലയിലാണ് കേരളത്തിലെ വൈജ്ഞാനിക മേഖലയിൽ ജേക്കബ് വർഗീസ് മന്നാക്കുഴിയിൽ അറിയപ്പെടുന്നത്. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബർസോം പാത്രിയർക്കീസ് ബാവായുടെ സുറിയാനി സാഹിത്യ-ശാസ്ത്ര പഠനങ്ങളായ ചിതറിയ മുത്തുകൾ, അദ്ദേഹത്തിൻ്റെ തന്നെ സുറിയാനി ഭദ്രാസനങ്ങളുടെ ചരിത്രം, നാലാം നൂറ്റാണ്ടുവരെയുള്ള എഡേസായിലേയും പ്രാന്തപ്രദേശങ്ങളിലേയും ക്രിസ്തു മതചരിത്രം പ്രതിപാദിക്കുന്ന അതിപുരാതന സുറിയാനി രേഖകൾ, പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളിൽ : ഉൾപ്പെടുന്നു. അദ്ദേഹത്തിൻ്റെ ക്ലേശകരമായ ഈ യജ്ഞം ഇല്ലായിരുന്നുവെങ്കിൽ തീർച്ചയായും ഈ കൃതികൾ മലയാള വായനക്കാർക്ക് ഇന്നും അജ്ഞാതമായിരുന്നേനേ എന്നത് യാഥാർത്ഥ്യമാണ്.
അറബിയിലും സുറിയാനിയിലും വിരചിതമായ ഈ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളെ അവലംബിച്ചാണ് ജേക്കബ് വർഗീസ് മന്നാക്കുഴിയിൽ സുന്ദരമായ ഭാഷയിൽ അർത്ഥചോർച്ച കൂടാതെ തൻ്റെ ദൗത്യം നിർവഹിച്ചത്. മീഖായേൽ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ സഹോദര പൗത്രനായിരുന്ന അദ്ദേഹത്തിന്റെ സ്വാർജ്ജിതമായ സുറിയാനി ഭാഷാ പാണ്ഡിത്യവും നിർലോപം ഈ പരിഭാഷകളിൽ ഉപയോഗിച്ചിട്ടുണ്ട്. അടിസ്ഥാനമായി അദ്ദേഹം ഉപയോഗിച്ച ഇംഗ്ലീഷ് പരിഭാഷകളിൽ കടന്നുകൂടിയ ചില്ലറ വികല്പങ്ങളെ സുറിയാനി മൂലം ഉപയോഗിച്ച് സംശോധന ചെയ്തു.
ഇവ കൂടാതെ വി. കുർബ്ബാന തക്സ, ശ്ഹീമോ നമസ്ക്കാരം മുതലായ ചില ആരാധനാ ഗ്രന്ഥങ്ങളുടെ പരിഭാഷയിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിക്കുകയും ചില ഇംഗ്ലീഷ് കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം മലങ്കര സഭയ്ക്കും സുറിയാനി-മലയാള വിവർത്തന രംഗത്തും തീരാനഷ്ടമാണ്.




