
തെക്കൻ പറവൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജം 60-ാമത് വാർഷിക ക്യാമ്പും ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും മെയ് 24 ശനിയാഴ്ച തെക്കൻ പറവൂർ പള്ളിയിൽ വച്ച് നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും പൊതുസമ്മേളനവും ഉണ്ടാകും.
കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. എറണാകുളം എം.പി ഹൈബി ഈഡൻ യോഗം ഉദ്ഘാടനം ചെയ്യും. വനിതാ സമാജം ദേശീയ പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തൃപ്പൂണിത്തറ എം.എൽ.എ കെ. ബാബു ഉൾപ്പെടെയുള്ള സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ യോഗത്തിന് ആശംസകൾ അർപ്പിക്കും.
കണ്ടനാട് ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിനോട് അനുബന്ധിച്ച് വനിതാ സമാജം പ്രവർത്തകർ നടത്തുന്ന മെഗാ മാർഗംകളിയും ഇതോടൊപ്പം നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ തൽസമയ സംപ്രേക്ഷണം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ ലഭ്യമാകും.
