
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ അസ്ഥിത്വവും, പരി. അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ബന്ധവും നിലനിര്‍ത്തി, നീതി നിഷേധിക്കപ്പെട്ട വിശ്വാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കി സഭാ സമിതികളുടെ അംഗീകാരത്തോടെ സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കണം. സഭാ സമിതികളുടെ വ്യക്തതയുള്ള തീരുമാനങ്ങളോടും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടും കൂടി മാത്രമെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളോ, ബഹു. ഗവണ്മെന്റോ നടത്തുന്ന ചര്‍ച്ചകളെ സ്വാഗതം ചെയ്യേണ്ടതെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
എ.ഡി. 325-ല്‍ നിഖ്യായില്‍ കൂടിയ സുന്നഹദോസിന്റെ 1700-ാം മത് വാര്‍ഷീകവും, 1875-ല്‍ മുളന്തുരുത്തിയില്‍ കൂടിയ സുന്നദോസിന്റെ 150-ാമത് വാര്‍ഷികവും പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ കൂടി അഭിപ്രായത്തിനു ശേഷം വര്‍ക്കിംഗ് കമ്മിറ്റി കൂടി ആലോചിച്ച് വിപുലമായി നടത്തുന്നതിന് അനുമതി നല്കി.
കാതോലിക്ക ബാവാ സ്ഥാനം ഏറ്റതിനുശേഷം ആദ്യമായി നടക്കുന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബാവായെ അനുമോദിച്ച് കൊണ്ട് അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ് മെത്രാപ്പോലീത്ത സംസാരിച്ചു. കരഘോഷങ്ങളോടെ യോഗം അംഗീകരിച്ചു.
2023- 2024 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് സബ്കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് യോഗം ഐക്യകണ്ഠേന പാസ്സാക്കി.
പരി. യാക്കോബായ സുറിയാനി സഭയുടെ 2025-2026 വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍ യോഗത്തില്‍ അവതിരിപ്പിച്ചു. ഭവന പദ്ധതി, ഭിന്നശേഷിക്കാരുടെ സംരക്ഷണം, വൈദീകക്ഷേമം, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവര്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള പദ്ധതികള്‍ക്കായി തുക വകയിരുത്തി. 62,75,49,990/- രൂപാ വരവും, 62,49,50,000/- രൂപാ ചെലവും, 5,99,990/-രൂപാ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റിന് മാനേജിംഗ് കമ്മിറ്റി അംഗീകാരം നല്കി. സഭാ ആസ്ഥാനത്തെ കണ്വെന്ഷന് സെന്ററിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി 2 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് സഭാ റിജീയണല്‍ സെന്ററിന്റെ ക്രമീകരണം, സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ സ്ഥലങ്ങളിലെ നഷ്ടപ്പെട്ട ദൈവാലയങ്ങള്ക്കായി സഹായം നല്കുന്നതിനായും ബജറ്റില്‍ തുക വകയിരുത്തി.
ബഹു. വൈദീകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിന് നിശ്ചയിച്ചു. ഇതു സംബന്ധിച്ച് വൈദീക സംഘം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സഭയുടെ സബ്കമ്മിറ്റി അടിയന്തിര നടപടികള്‍ എടുക്കേണ്ടതാണ്. ആദ്ധ്യാത്മീകവും ഭൗതീകവുമായ സഭയുടെ വളര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.
പരി. അന്ത്യോഖ്യാ സിംഹാസനത്തോടും, ശ്രേഷ്ഠ കാതോലിക്ക ബാവായോടും, അഭി. പിതാക്കന്മാരോടും ഉള്ള ഭക്ത്യാദരവുകള് രേഖപ്പെടുത്തുന്ന ഭക്തിപ്രമേയം വന്ദ്യ ഗീവര്‍ഗ്ഗീസ് കൊറ്റാലില്‍ കോറെപ്പിസ്ക്കോപ്പ അവതരിപ്പിച്ചു.
കഴിഞ്ഞ മാനേജിംഗ് കമ്മിറ്റിയ്ക്ക് ശേഷം പരി. സഭയില്‍ നിന്നും വാങ്ങിപോയ എല്ലാ ആചാര്യശ്രേഷ്ഠരുടേയും സഭാവിശ്വാസികളുടേയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും, ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടുള്ള പ്രമേയം റവ. ഫാ. തോമസ് കൊച്ചുപറമ്പില്‍ അവതരിപ്പിച്ചു.
ഈ കഴിഞ്ഞ നാളുകളില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഏവരുടേയും ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടും അവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ടും റവ. ഫാ. ബേസില്‍ പ്രമേയം അവതരിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിമാനത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനുമായി അതിര്‍ത്തി കാക്കുന്ന ധീരസൈനീകരെ അഭിമാനത്തോടെ ഓര്‍ക്കുകയും രാജ്യത്ത് ശാന്തിയും സമാധാനവും ലഭിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പരി. സഭ സമാധാനത്തിനും ശാശ്വതമായ തര്‍ക്കപരിഹാരത്തിനും എതിരല്ല എന്നാല്‍. പരി. യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളുടെ സ്ഥാപന ലക്ഷ്യം സംരക്ഷിച്ച് വിശ്വാസികള്‍ പണിതുയര്‍ത്തിയ പള്ളികളുടെ ആരാധാനാ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് മറുവിഭാഗം കഴിഞ്ഞ നാളുകളില്‍ ചതിയിലൂടെ പിടിച്ചെടുത്ത പള്ളികളില്‍ നീതി നടപ്പാക്കികൊണ്ടും സഭയുടെ സമിതികള്‍ രൂപപ്പെടുത്തുന്ന അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടും മാത്രമെ സഭാ തര്‍ക്ക പരിഹാര ചര്‍ച്ചകളില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കാവൂ എന്ന് കാണിച്ച് സുജിത് പൗലോസ് അവതരിച്ച പ്രമേയം യോഗം ഐക്യകണ്ഠ്യേന പാസ്സാക്കി.
ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, അഭി. ഡോ കുര്യാക്കോസ് മോര് തെയോഫിലോസ്, അഭി. കുര്യാക്കോസ് മോര് ക്ലിമീസ്, സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ശ്രീ. ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

