
യെലഹങ്ക ● പുതിയതായി കൂദാശ നിർവ്വഹിക്കപ്പെട്ട യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യെലഹങ്കയിലെ ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന കേന്ദ്രത്തിൽ എക്യുമെനിക്കൽ യോഗവും സ്നേഹ വിരുന്നും ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ നടന്നു.
ബാംഗ്ലൂരിലുള്ള വിവിധ സഭകളുടെ അധ്യക്ഷന്മാരും പ്രതിനിധികളും ബാംഗ്ലൂർ, മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായും ഭദ്രാസനത്തിലെ വൈദികരും എക്യുമെനിക്കൽ ഫോറത്തിൻ്റെ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
കത്തോലിക്കാ സഭയുടെ ബാംഗ്ലൂർ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ മുഖ്യ സന്ദേശം നൽകി. ശ്രേഷ്ഠ കാതോലിക്ക ബാവായെ എക്യുമെനിക്കൽ യോഗത്തിൽ വിവിധ സഭാധ്യക്ഷന്മാരും പ്രതിനിധികളും ചേർന്ന് ആദരിച്ചു. തുടർന്ന് ബാംഗ്ലൂരിലെ എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ വളർച്ച സംബന്ധിച്ച് ചർച്ച നടത്തി. ബാംഗ്ലൂർ ഭദ്രാസനമൊരുക്കിയ സ്നേഹ വിരുന്നോടെ യോഗം സമാപിച്ചു.



