കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ ഒരു പുതുയുഗം പിറക്കുകയാണ്. യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനായി പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയായി വാഴിക്കപ്പെടുമ്പോള്‍ അത് സഭാചരിത്രത്തില്‍ മറ്റൊരുയുഗപ്പിറവിയാവുകയാണ്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ കാലംചെയ്ത സ്ഥാനമൊഴിവിലേക്കാണ് ഈ പുതിയ നിയോഗം. സംഘാടക മികവിനൊപ്പം സൗമ്യതയാണ് ദമുഖമുദ്രയാക്കി സമന്വയത്തിന്റെ ശൈലി പിന്തുടർന്ന് സഭയെക്കുറിച്ചും സഭാവിശ്വാസികളെ കുറിച്ചും വ്യക്തമായ ദർശനത്തോടുകൂടിയാണ് പുതിയ സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്.
1974 മാര്‍ച്ച് 25-നാണ് മഞ്ഞനിക്കര ദയറായില്‍ വെച്ച് മാര്‍ ഗ്രിഗോറിയോസ് ശെമ്മാശപട്ടം സ്വീകരിച്ചത്. 1984-ലെ വചനിപ്പ് പെരുന്നാള്‍ ദിവസമാണ് മുളന്തുരുത്തി മാര്‍തോമന്‍ ചാപ്പലില്‍ വെച്ച് കശ്ശീശാ പദവിയിലേക്ക് ഉയര്‍ത്തിയത്. 2025 മാര്‍ച്ച് 25ന് അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് കത്തോലിക്ക ബാവയായി ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. ലെബനോനിലെ അറ്റ്ചാനെയിംലെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ ഏതാനും നിമിഷങ്ങൾക്കകമാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ആകമാന സുറിയാനി സഭയുടെ തലവൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രയര്‍ക്കീസ് ബാവയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ കാതോലിക്കയായി വാഴിക്കുക. പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാം കാതോലിക്കാ ബാവയായാണ് മാർ ഗ്രിഗോറിയോസ് വാഴിക്കപ്പെടുന്നത്.
വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽനിന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും ലെബനൻ പ്രസിഡന്റ് ജോസഫ് ഖലീൽ അവോം വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കേന്ദ്ര സർക്കാരിന്റെ പ്രതിനിധിസംഘം, കേരള സർക്കാരിന്റെ പ്രതിനിധികളായി മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തി ചേർന്നു.
വെല്ലുവിളികളേറെ നിറഞ്ഞ കാലത്താണ് മലങ്കര യാക്കോബായ സഭയെ നയിക്കാൻ ജോസഫ് മാർ ഗ്രിഗോറിയോസ് നിയോഗിക്കപ്പെടുന്നത്. സമാധാനത്തിനും സമവായത്തിനുമുള്ള തുറന്ന മനസ്സോടെ ജോസഫ് മാർ ഗ്രിഗോറിയോസ് സഭയുടെ അമരക്കാരനാകുമ്പോൾ സഭാമക്കൾക്കും പ്രതീക്ഷകളേറെയാണ്.