
പെരുമ്പാവൂർ ● യാക്കോബായ സുറിയാനി സഭയിലെ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ ആസ്ഥാനമായ അല്ലപ്ര കൊയ്നോണിയയിൽ നവീകരിച്ച മോർ അത്താനാസിയോസ് ചാപ്പലിന്റെയും ബിഷപ്പ് ഹൗസിന്റെയും കൂദാശ നടന്നു. മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ സഹ കാർമികത്വം വഹിച്ചു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്.
അല്ലപ്ര കൊയ്നോണിയയിൽ എത്തിച്ചേർത്ത മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയ്ക്കും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർക്കും പെരുമ്പാവൂർ മേഖലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ബിഷപ്പ് ഹൗസിന്റെ കൂദാശ നടന്നു. സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം നവീകരിച്ച മോർ അത്താനാസിയോസ് ചാപ്പലിന്റെ കൂദാശയും നിർവ്വഹിക്കപ്പെട്ടു. അഭിവന്ദ്യരായ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, മോർ ഈവാനിയോസ് മാത്യൂസ്, മോർ ദിയസ്കോറോസ് കുര്യാക്കോസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യുലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായിരുന്നു.
നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. കൂദാശയോട് അനുബന്ധിച്ച് കൊയ്നോണിയ വോയ്സ് പ്രത്യേക എഡിഷൻ പ്രസിദ്ധീകരിച്ചു.
വന്ദ്യരായ കോർ എപ്പിസ്കോപ്പമാർ, റമ്പാച്ചന്മാർ, വൈദീകർ, സിസ്റ്റേഴ്സ്, ജന പ്രതിനിധികൾ, രാഷ്ട്രീയ-മത-സമുദായിക നേതാക്കന്മാർ, സഭ ഭാരവാഹികൾ, ഭദ്രാസന-മേഖല-പള്ളി ഭാരവാഹികൾ, അനേക വിശ്വാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
1994 ൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായാണ് കൊയ്നോണിയ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെയും അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെയും നേതൃത്വത്തിൽ വളർന്ന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത കൊയ്നോണിയ ആസ്ഥാനം സഭയ്ക്ക് അഭിമാനമായി ഉയർത്തി. ആസ്ഥാനത്തോട് ചേർന്ന് ഇന്ന് കൊയ്നോണിയ മോർ അത്താനാസിയോസ് റീഹാബിലിറ്റേഷന്‍ സെന്റർ & സ്പെഷ്യല്‍ സ്കൂൾ, എൽദോ മാർ ബസ്സേലിയോസ് ഡയാലിസിസ് സെന്റർ, ഡയക്കോണിയ പെയിൻ & പാലിയേറ്റീവ് കെയർ, മോർ അഫ്രേം സിറിയക്ക് മ്യൂസിക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ വളരെ മാതൃകപരമായും സഭയ്ക്കും സമൂഹത്തിനും അഭിമാനമായും പ്രവർത്തിച്ച് വരുന്നു. നിരവധി സാധുജന സംരക്ഷണ, കാരുണ്യ പ്രവർത്തനങ്ങൾക്കാണ് കൊയ്നോണിയ നാൾക്കുനാൾ സാക്ഷ്യം വഹിക്കുന്നത്.










