യാക്കോബായ സുറിയാനി സഭയുടെ സ്വത്തും കരുത്തും ആർക്കും കവർന്നെടുക്കാനാവില്ല; സഭയുടെ പ്രതിസന്ധികളിൽ എന്നും ഒപ്പമുണ്ടാകും : മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയോടൊപ്പം ദൈവ സാന്നിധ്യമുള്ളതിനാൽ സഭയുടെ സ്വത്തും കരുത്തും ആർക്കും കവന്നെടുക്കാനാവില്ലെന്ന് സിറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ തുടങ്ങിയ 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിച്ചം നന്മയും ധൂപം വിശുദ്ധിയുമാണെങ്കിൽ ഇവ രണ്ടും ഈ സഭയോടൊപ്പമുണ്ട്. സഭയുടെ സ്വത്തുവകകൾ ചോർന്നു പോകാതെ തടുത്തു നിർത്താൻ പ്രാർഥനയാണ് വേണ്ടതെന്നും യാക്കോബായ സഭയുടെ അസ്തിത്വം ആർക്കും കവർന്നെടുക്കാനാകില്ലെന്നും പ്രതിസന്ധികളിൽ എന്നും ഒപ്പമുണ്ടാകുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

ജീവിതത്തിൽ വെളിച്ചമായും കരുതലായും കരുത്തായും ക്രിസ്തു കൂടെയുണ്ട്. ദൈവവചനം നമുക്ക് നൽകുന്ന ശക്തി ദൈവസാന്നിധ്യത്തിന്റെ അടയാളമാണെന്ന് മാർ റാഫേൽ തട്ടിൽ ഉദ്ബോധിപ്പിച്ചു. ദൈവവചനം എവിടെ ആഘോഷിക്കപ്പെടുന്നുവോ അവിടെ ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവവചനം ജീവിതത്തിൽ പകർത്തുന്നതിലുടെ ഓരോ വിശ്വാസിയുടേയും ജീവിതത്തിൽ സുവിശേഷം പ്രസംഗിക്കുവാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ദൈവഹിത പ്രകാരം ജീവിക്കുന്നവനാണ് നീതിമാനായി മാറുന്നതെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അന്യായമായി പിടിച്ചെടുത്ത സാധാരണക്കാരായ യാക്കോബായ വിശ്വാസികളുടെ വിയർപ്പിലും പ്രാർഥനയിലും തീർത്ത പള്ളികൾ തിരികെ കൊടുക്കണമെന്നും മലങ്കര മെത്രാപ്പോലീത്ത പറഞ്ഞു.

ന്യായവും നീതിയും വറ്റി വരളുന്ന കാലത്താണു നാം ജീവിക്കുന്നതെന്ന് നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം നിന്നതു കൊണ്ടാണു ക്രിസ്‌തുവിനു കുരിശു മരണം വരിക്കേണ്ടി വന്നത്. വിശ്വാസികൾ ന്യായവും നീതിയും ജീവിതത്തിൽ പുലർത്തണം. സമൂഹത്തിൽ നീതി നടപ്പാക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ നീതിമാനായ ക്രിസ്തു നമ്മിൽ പിറവി കൊള്ളുകയാണെന്ന് മലങ്കര മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി.

വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്ന ഈ വർഷത്തെ ചിന്താവിഷയം അഭിവന്ദ്യ മെത്രാപ്പോലീത്ത മുഖ്യ സന്ദേശത്തിൽ അവതരിപ്പിച്ചു. ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു എന്ന പ്രവാചക ശബ്ദം സമൂഹത്തിലും ജീവിതത്തിലും പുലർത്തുവാൻ ഏവർക്കും കഴിയട്ടെയെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഫാ. മാത്യൂസ് ചാലപ്പുറം രോഗികൾക്കായി സമർപ്പണ പ്രാർത്ഥന നടത്തി. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത സമാപന പ്രാർത്ഥന നടത്തി.

സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സ്വാഗത പ്രസംഗം നടത്തി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ പീലക്സിനോസ് സഖറിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും സംബന്ധിച്ചു.

സുവിശേഷ സംഘം ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ പ്രസംഗിച്ചു. സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡന്റ്‌ വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവർ നേതൃത്വം നൽകി. സന്ധ്യാപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ ‘കേനോറൊ’ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ഇന്ന് ഡിസംബർ 27 വെള്ളി ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 5 വരെ മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ സൺഡേ സ്കൂൾ അധ്യാപക, വിദ്യാർഥി രക്ഷാകർതൃ സംഗമം നടക്കും. വൈകിട്ട് നടക്കുന്ന സുവിശേഷ യോഗത്തിൽ കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. ഡേവീസ് ചിറമ്മേൽ മുഖ്യ സന്ദേശവും നൽകും. 31 ന് സമാപിക്കുന്ന സുവിശേഷ യോഗത്തിൽ ദിവസവും ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയും വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥനയും നടക്കും.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…