പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം ഡിസംബർ 26 മുതൽ 31 വരെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5:30 ന് സന്ധ്യാപ്രാർത്ഥനയോടെ സുവിശേഷ മഹായോഗം ആരംഭിക്കും. ഗാനശുശ്രൂഷ, ആമുഖ സന്ദേശം, മുഖ്യ സന്ദേശം, രോഗികൾക്കായി സമർപ്പണ പ്രാർത്ഥന എന്നിവയോടെ യോഗം അവസാനിക്കും. സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കം കുറിച്ച പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ അനുസ്മരിച്ചു കൊണ്ട് യോഗം നടക്കും.
27-ാം തീയതി മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 5 വരെയും നടക്കുന്ന പകൽ യോഗങ്ങളിൽ സൺഡേ സ്കൂൾ അധ്യാപക-വിദ്യാർഥി-രക്ഷാകർത്തൃ സംഗമം, അഖില മലങ്കര മർത്തമറിയം വനിതാ സമാജം സംഗമം, സെന്റ് പോൾസ് മിഷൻ ഓഫ് ഇൻഡ്യ സംഗമം, വിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ജെ.എസ്.സി മിഷന്റെയും ഏലിയാസ് നാമധാരികളുടെയും സംയുക്ത സംഗമം, പൗരസ്ത്യ സുവിശേഷ സമാജം സംഗമം എന്നിവയും ധ്യാനങ്ങളും പ്രസംഗങ്ങളും നടക്കും.
ഡിസംബർ 26 വ്യാഴം വൈകിട്ട് 6.30 ന് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തുടർന്ന് വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും.
ഡിസംബർ 27 വെള്ളി കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. ഡേവീസ് ചിറമ്മേൽ മുഖ്യ സന്ദേശവും നൽകും. ഡിസംബർ 28 ശനി കോട്ടയം ഭദ്രാസനാധിപനും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും.
ഡിസംബർ 29 ഞായർ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യ സന്ദേശവും നൽകും. ഡിസംബർ 30 തിങ്കൾ പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും മാർത്തോമ്മ സഭയുടെ ഫാ. എം.സി സാമുവേൽ മുഖ്യ വചന ശുശ്രൂഷ നിർവ്വഹിക്കും.
സമാപന ദിവസമായ ഡിസംബർ 31 ചൊവ്വ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും വന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശവും നൽകും. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. വന്ദ്യ ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശം നൽകും. തുടർന്ന് പുതുവത്സരത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന നടക്കും.
സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡന്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി വന്ദ്യ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവർ നേതൃത്വം നൽകും. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
അഖില മലങ്കര സുവിശേഷ മഹായോഗം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.