![](https://www.jscnews.in/wp-content/uploads/2024/12/img_1533-2-1.jpg)
കോട്ടയം ● ആശുപത്രികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇരുസഭകളിലേയും വിശ്വാസികള്‍ക്ക് അജപാലന ശുശ്രൂഷ നല്കുന്നതിലുള്ള സംയുക്ത മാര്‍ഗരേഖ മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ കൂടിയ കത്തോലിക്ക-യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദൈവശാസ്ത സംവാദ കമ്മീഷന്‍ യോഗത്തില്‍ അവതരിപ്പിക്കുകയും, ഇരുസഭകളിലേയും സുന്നഹദോസിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ആശുപത്രികളില്‍ ആയിരിക്കുന്ന ഇരുസഭകളിലേയും രോഗികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രോഗിലേപനം (രോഗികളുടെ തൈലാഭിഷേകം) കുമ്പസാരം, വി. കുര്‍ബ്ബാന ഇവ അവരുടെ സഭയിലെ വൈദീകരില്‍ നിന്ന് ലഭ്യമാക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുവാനും അപ്രകാരം സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇതരസഭയിലെ വൈദീകരില്‍ നിന്നും തടസ്സം കൂടാതെ ലഭ്യമാക്കുവാനുള്ള ക്രമീകരണങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരുസഭകളിലേയും വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് അവരവരുടെ സഭയിലെ അജപാലന ശുശ്രൂഷ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
1984-ല്‍ കത്തോലിക്ക സഭയുടേയും, സുറിയാനി ഓര്‍ത്തോഡോക്സ് സഭയുടേയും സഭാ തലവന്‍മാര്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ (അവരവരുടെ സഭയിലെ പുരോഹിതരും, ആരാധനാ സൗകര്യങ്ങളും ലഭ്യമാകാത്ത സന്ദര്‍ഭങ്ങളില്‍) ഇതര സഭയില്‍ നിന്നും ഈ കൂദാശകള്‍ സ്വീകരിക്കുവാന്‍ അനുവാദം നല്കിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിലാണ് 1994-ല്‍ കത്തോലിക്ക സഭയിലേയും യാക്കോബായ സഭയിലേയും വിശ്വാസികള്‍ക്ക് സഭാ മാറ്റം കൂടാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ഉടമ്പടിയ്ക്ക് രൂപം നല്‍കിയത്.
‘ഡിജിറ്റല്‍ ലോകത്ത് വിശ്വാസ ജീവിതത്തിലെ വെല്ലുവിളികളും, സാധ്യതകളും’ എന്ന വിഷയത്തെ കുറിച്ച് റവ. ഡീ. ഡോ. അനീഷ് കെ. ജോയി, റവ. ഡോ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍ എന്നിവരും, ‘കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ പ്രത്യാഖ്യാതങ്ങളും അജപാലന വെല്ലുവിളികളും’ എന്നീ വിഷയത്തെ കുറിച്ച് റവ ഫാ. ജെറി കുര്യന്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ അജപാലന സംയുക്ത മാര്‍ഗരേഖ അവതരിപ്പിച്ചു. ഇരുസഭകളും നാളിതുവരെയും ഉണ്ടാക്കിയ സംയുക്ത ഉടമ്പടികളുടെ അവലോകനവും, ഈ ഉടമ്പടികള്‍ ഇരുസഭകളും പൂര്‍ണ്ണമായും നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്തുവാനുളള തീരുമാനങ്ങളും ഉണ്ടായി.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായെ അനുസ്മരിച്ച് നടന്ന പ്രാര്‍ത്ഥനകള്‍ക്ക് അഭി. തോമസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി.
വത്തിക്കാനിലെ സഭാ ഐക്യകാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഫ്ളാവിയോ പാച്ചേ, യാക്കോബായ സഭാ എക്യുമെനിക്കല്‍ ഓഫീസിന്റെ പ്രസിഡന്റ് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് എന്നിവര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ബിഷപ്പ് ഡോ. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ഡോ. സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, റവ. ഡോ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, റവ. ഫാ. ഹ്യാസിന്ത് ഡെസ്റ്റിവെല്ലെ തുടങ്ങിയവര്‍ പങ്കെടുത്തു.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌ക്കോപ്പ, വന്ദ്യ ഡോ. കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്‌ക്കോപ്പ. റവ. ഫാ. ഡാനിയല്‍ തട്ടാറയില്‍, റവ. ഫാ. ജെറി കുര്യന്‍, റവ. ഫാ. ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍, റവ. ഫാ. ബിജു പി.എം., ഡോ. സലീബ റമ്പാച്ചന്‍, ഡീ. ഡോ. അനീഷ് കെ. ജോയ് എന്നിവര്‍ പങ്കെടുത്തു.
![](https://www.jscnews.in/wp-content/uploads/2024/12/img_1532-1-791x1024.jpg)
![](https://www.jscnews.in/wp-content/uploads/2024/12/1e766974-3c91-44c8-98ba-7d79fc6c7631-1-768x1024.jpg)
![](https://www.jscnews.in/wp-content/uploads/2024/12/d5345693-e20c-4610-a5f9-b37ec07bdf98-1-1024x639.jpg)
![](https://www.jscnews.in/wp-content/uploads/2024/12/img_1534-1-1024x507.jpg)
![](https://www.jscnews.in/wp-content/uploads/2024/12/9b39892a-9cab-45a8-ae74-a7ce4bb16476-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/12/8297d6e9-c95b-4dab-bba6-340e3e0c62e7-1-1024x598.jpg)
![](https://www.jscnews.in/wp-content/uploads/2024/12/dee1143c-e184-49d3-a74e-bc094a5ed305-1-1024x561.jpg)
![](https://www.jscnews.in/wp-content/uploads/2024/12/9057fee3-7c54-4100-936a-e726ff2b04d0-1-1024x574.jpg)