പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മയോടനുബന്ധിച്ച് ഞായറാഴ്ച ദിവസമായ ഇന്ന് നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ സംബന്ധിക്കാൻ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ. രാവിലെ 7 മണിയോടെ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
ശ്രേഷ്ഠ ബാവായെ ഈ സഭ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ മകുട ഉദാഹരണമാണ് ഈ ജനസമൂഹം അണമുറിയാതെ വിവിധ സമയങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികൾ ശ്രേഷ്ഠ ബാവയുടെ കബറിടം ലക്ഷ്യമാക്കി ഒഴുകിയെത്തുന്നത്. കണ്ണീരോടെ വന്നു ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ നിറകണ്ണുകളോടെ പ്രാർത്ഥിച്ചു നിരവധി പേരാണ് മടങ്ങുന്നത്. ഇന്ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. വന്ദ്യ ഗബ്രിയേൽ റമ്പാൻ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികരായി. അനേകം വൈദികരും വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു.