പുത്തൻകുരിശ് ● സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാകണമെന്നും തർക്കങ്ങളും കേസുകളും വരും തലമുറയിലേക്ക് കൈമാറാൻ താല്പര്യമില്ലെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന തൻ്റെ ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികാഘോഷ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
സഭാ തർക്കങ്ങൾ ഇനി വാർത്താ തലക്കെട്ടുകളാകരുതെന്നും എല്ലാം അവസാനിപ്പിക്കേണ്ട കാലമാണിതെന്നും ബാവ ഓർമ്മിപ്പിച്ചു. “വ്യവഹാരത്തിൽ വിശ്വസിക്കുന്നില്ല. വ്യവഹാരം ക്രൈസ്തവ സഭയ്ക്ക് ഭൂഷണമല്ല. നിയമ യുദ്ധം അവസാനിപ്പിക്കണം. സഭകൾക്കിടയിൽ അനുരഞ്ജനം വേണം. ഇനിയും കേസുകൾക്കായി കോടികൾ ചെലവഴിക്കണോ എന്ന് നാം ആത്മപരിശോധന നടത്തണം,” ബാവ പറഞ്ഞു. ഓർത്തഡോക്സ് വിഭാഗവുമായോ മറ്റാരുമായോ ചർച്ചകൾക്ക് സഭ തയ്യാറാണെന്നും എന്നാൽ ചർച്ചകൾ ലയനത്തിനായുള്ളതല്ലെന്നും ബാവ വ്യക്തമാക്കി.
ഇരു സഭകളുടെയും തനിമയും അസ്തിത്വവും നിലനിർത്തിക്കൊണ്ട് സഹോദര സഭകളായി സഹവർത്തിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ബാവ കൂട്ടിച്ചേർത്തു.
കാതോലിക്ക സ്ഥാനാരോഹണ വാർഷിക ദിനമായ ഇന്ന് (മാർച്ച് 25 ബുധൻ) ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, മോർ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ പീലക്സിനോസ് സഖറിയാസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മലങ്കര കത്തോലിക്ക സഭയുടെ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് എന്നിവർ സംബന്ധിച്ചു.
അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത ആശംസ പ്രസംഗം നടത്തി. സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് സഭയുടെ ആദരം നൽകി.
ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് ഗ്ലോബൽ വെഞ്ചേർസ് ലിമിറ്റഡിന്റെ എം.ഡി ശ്രീ. നിഗേഷ് എസ്. നായർ ശ്രേഷ്ഠ ബാവായ്ക്ക് പുതിയ വാഹനം സമ്മാനിച്ചു. അനേകം വൈദികരും നൂറുക്കണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി. പാത്രിയർക്കാ സെൻ്ററിൽ ലളിതമായ രീതിയിൽ കേക്ക് മുറിച്ചു. പശ്ചിമേഷ്യയിലെ നിലവിലുള്ള യുദ്ധസാഹചര്യങ്ങൾ പരിഗണിച്ച് മറ്റ് ആഘോഷ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.
2025 മാർച്ച് 25-ന് ലബനോനിലെ ബെയ്റൂട്ടിലെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിലായിരുന്നു ശ്രേഷ്ഠ ബാവയുടെ സ്ഥാനാരോഹണം. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും സഭാ മേലധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും പങ്കെടുത്ത ആ ചടങ്ങ് മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.








