കോലഞ്ചേരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യ രജത ജൂബിലി സ്മാരകമായി നിർമിക്കുന്ന ഡയാലിസിസ് സെൻ്ററിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് അരമനയോട് ചേർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമധേയത്തിലാണ് ഡയാലിസിസ് സെൻ്റർ ആരംഭിക്കുന്നത്. പ്രാരംഭമായി 15 യൂണിറ്റുകൾ സ്ഥാപിക്കുവാനുള്ള സൗകര്യം ഒരുക്കും.
സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട്, ഫാ. ജിബി ചെങ്ങനാട്ടുകുഴി, ഫാ. ജോബിൻസ് ഇലഞ്ഞിമറ്റം, ഫാ. സബിൻസ് ഇലഞ്ഞിമറ്റം, ഫാ. എമിൽ കുര്യൻ, ഭദ്രാസന ജോയിൻ സെക്രട്ടറി സാബു നാരേകാട്ട് എന്നിവർ സംബന്ധിച്ചു.
അതോടൊപ്പം അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു. കടയ്ക്കനാട് സെന്റ് ജോർജ് അരമന കത്തീഡ്രലിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി ജേക്കബ് സി മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട്, ഫാ. ജിബി ചെങ്ങനാട്ടുകുഴി, ഫാ. ജോബിൻസ് ഇലഞ്ഞിമറ്റം, ഫാ. എമിൽ കുര്യൻ, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ജെയ്സ് ജോൺ, ഭദ്രാസന ജോയിൻ സെക്രട്ടറി സാബു നാരേകാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നൽകുന്നതായ വിവാഹ, വിദ്യാഭ്യാസ, ചികിത്സ സഹായങ്ങൾ വിതരണം ചെയ്തു. ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ 25 കർമ്മ പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതി എന്നിവ ഉദ്ഘാടനം ചെയ്തു. സഭയുടെ സത്യവിശ്വാസത്തെയും പാരമ്പര്യത്തെയും നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന, കോട്ടയം ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷൻ അംഗമായ ജോസഫ് എം വൈ ക്ക് പ്രഥമ ഫെയ്ത്ത് ആൻഡ് ഹെറിറ്റേജ് സോഷ്യൽ മീഡിയ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.













