കിഴക്കമ്പലം ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ വിലങ്ങ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നവീകരണം പൂർത്തിയാക്കിയ ദൈവാലയത്തിൻ്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ജനുവരി 9,10 (വെള്ളി, ശനി) തീയതികളിൽ നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമികത്വത്തിലും മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹ കാർമാകത്വത്തിലും വി. മൂറോൻ അഭിഷേക കൂദാശ നിർവഹിക്കപ്പെടും.
ജനുവരി 9 വെള്ളി വൈകിട്ട് 5.30-ന് ദൈവാലയ കൂദാശയ്ക്കായി എഴുന്നള്ളി വരുന്ന ശ്രേഷ്ഠ കാതോലിക്ക ബാവായെയും അഭിവന്ദ്യ മെത്രാപ്പോലിത്തമാരെയും സെൻ്റ് പീറ്റേഴ്സ് & സെന്റ് പോൾസ് കുരിശുംതൊട്ടിയിൽ നിന്നും പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. 6-ന് സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് വി. മൂറോൻ അഭിഷേക കൂദാശ നടക്കും.
ജനുവരി 10 ശനി രാവിലെ 7-ന് പ്രഭാതനമസ്ക്കാരം, 8-ന് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം ആശീർവാദം എന്നിവ നടത്തപ്പെടും.
വികാരി ഫാ. എബി ഏലിയാസ് പുത്തൻവീട്ടിൽ, ട്രസ്റ്റിമാരായ ജോർജ് പി.എം പുളിയ്ക്കൽ, ബിജു പോൾ നാരകത്തുകുടി എന്നിവർ നേതൃത്വം നൽകും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
