വിയ്യൂർ ● ആഘോഷങ്ങൾ അന്യമായ ജയിൽ അന്തേവാസികൾക്ക് ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ വിയ്യൂർ സെൻട്രൽ ജയിലിൽ ക്രിസ്തുമസ് ആഘോഷിച്ചു. ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ജയിലിൽ ആഘോഷം സംഘടിപ്പിക്കുന്നത്. ജയിൽ അധികൃതരുടെ പ്രത്യേക അനുമതിയോടെ നടന്ന ചടങ്ങിൽ മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് കേക്ക് മുറിച്ച് ജയിലിലെ അന്തേവാസികൾക്ക് വിതരണം ചെയ്യുകയും അവർക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
ചടങ്ങിൽ വന്ദ്യ വർഗ്ഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. ബാബു ചാത്തനാട്ട്, ഡെൻ്റ് കെയർ എം.ഡി ജോൺ കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു. മച്ചിപ്ലാവ് സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു.


