പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി.
കഴിഞ്ഞ പത്തു ദിവസമായി മഞ്ഞിനിക്കരയിൽ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായിരുന്ന പരിശുദ്ധ ബാവ വൈകിട്ട് 5.30 ന് പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ചേർന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, അൽമായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് പരിശുദ്ധ ബാവായെ സ്വീകരിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോർ ദിയസ്കോറോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മർക്കോസ് മോർ ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്ത എന്നിവർ പരിശുദ്ധ ബാവായെ അനുഗമിച്ചിരുന്നു. സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ പരിശുദ്ധ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ അനുസ്മരിച്ചു. തുടർന്ന് ധൂപപ്രാർത്ഥനയ്ക്ക് പരിശുദ്ധ ബാവ നേതൃത്വം നൽകി
വർക്കിംഗ് – മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, വൈദികർ, നൂറുക്കണക്കിന് വിശ്വാസികൾ എന്നിവർ സംബന്ധിച്ചു. പാത്രിയർക്കാ സെൻ്ററിൽ ക്രമീകരിച്ച സ്നേഹവിരുന്നിൽ ബാവ സംബന്ധിച്ചു. പരിശുദ്ധ ബാവ ശനിയാഴ്ച രാവിലെ ലബനോനിലേക്ക് മടങ്ങി.








