സത്യവിശ്വാസത്തെ നെഞ്ചിലേറ്റിയ താപസനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന വിശുദ്ധ പൗലോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ 108-ാമത് ദുഃഖ്റോനോ പെരുന്നാൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡിസംബർ 14-ന് ആചരിക്കുന്നു.
മുളന്തുരുത്തി മാർത്തോമൻ ഇടവകയിൽ കൊച്ചുപറമ്പിൽ വർക്കിയുടെയും അന്നയുടെയും മകനായാണ് പൗലോസ് ജനിച്ചത്. വിശുദ്ധ പരുമല മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ സന്യാസ തീക്ഷ്ണതയും വിശുദ്ധ സ്വഭാവവും പൗലോസിനെ വളരെയധികം സ്വാധീനിച്ചു. വിശുദ്ധ യുയാക്കീം മോർ കൂറിലോസ് ബാവായിൽ നിന്നും ശെമ്മാശ്ശപട്ടം അദ്ദേഹം സ്വീകരിച്ചു. പതിനാറാം വയസ്സിൽ പാലക്കുന്നത്ത് മാത്യൂസ് മോർ അത്താനാസിയോസ് അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവാ മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ ബാവാ 1876-ൽ മലങ്കര സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ റമ്പാനായി ഉയർത്തി.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുമതിയോടെ ആരംഭിച്ച മലങ്കര സഭയിലെ ആദ്യത്തെ ദയറാ ആയ വെട്ടിക്കൽ ദയറായുടെ നിർമാണത്തിൽ സുപ്രധാന പങ്ക് അദ്ദേഹം വഹിച്ചു. തിരുവനന്തപുരത്തെ സുറിയാനി സഭയുടെ ആദ്യ ദൈവാലമായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ നിർമ്മാണവും ആദ്ദേഹമാണ് നടത്തിയത്. കോട്ടയം പഴയ സെമിനാരിയുടെ മാനേജർ ആയും ബഹുമാനപെട്ട റമ്പാച്ചൻ പ്രവർത്തിച്ചു. ഇവ കൂടാതെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളും അദ്ദേഹം ആരംഭിച്ചു. വിശുദ്ധ പരുമല തിരുമേനി യെരുശലേം സന്ദർശിച്ചപ്പോൾ ആ സംഘത്തിൽ വന്ദ്യ റമ്പാച്ചനും ഉണ്ടായിരുന്നു.
1908 മേയ് 31 ന് പരിശുദ്ധ അന്ത്യോഖ്യാ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദദ് അലോഹോ മലങ്കരയിലെ പ്രാദേശിക സുന്നഹദോസിന്റെ തീരുമാനപ്രകാരം ജറുസലേമിലെ വിശുദ്ധ മർക്കോസിന്റെ നാമത്തിനുള്ള ദൈവാലത്തിൽ വെച്ചു വട്ടശ്ശേരിൽ ഗീവർഗീസ് മോർ ദിവന്നാസിയോസിനോടൊപ്പം അദ്ദേഹത്തെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.
1909-ൽ ഗീവർഗീസ് മോർ ദിവന്നാസിയോസ് യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയായി. എന്നിരുന്നാലും, മലങ്കര സഭയിലെ തർക്കങ്ങളെ തുടർന്ന് പുതുതായി രൂപീകൃതമായ ഇന്ത്യൻ ഓർത്തഡോക്സ് എന്ന പുതിയ സഭാവിഭാഗത്തിന്റെ മലങ്കര മെത്രാപ്പോലീത്ത ആയിത്തീർന്ന ഗീവർഗീസ് ദിവന്നാസിയോസിനെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ മുടക്കി. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവാ മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദദ് അലോഹോ രണ്ടാമന്റെ നേതൃത്വത്തിൽ ആലുവയിൽ നടന്ന സുറിയാനി ക്രിസ്ത്യൻ അസ്സോസിയേഷൻ 1911 ഓഗസ്റ്റ് 30 ന് പൗലോസ് മോർ കൂറിലോസിനെ മലങ്കര മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തു.
സഭാകാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുമ്പോഴും സുവിശേഷ പ്രേഷിതപ്രവർത്തനം തുടരുമ്പോഴും സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി ദൂരദേശങ്ങളിൽ സഞ്ചരിക്കുമ്പോഴും മോർ കൂറിലോസിന്റെ ആരോഗ്യനില വഷളായിത്തുടങ്ങി. നല്ല പോർ പൊരുതി യഥാർത്ഥ വിശ്വാസം കാത്തുസൂക്ഷിച്ച പൗലോസ് മോർ കൂറിലോസ് തിരുമേനി 1917 ഡിസംബർ 14 ന് കാലം ചെയ്തു. അദ്ദേഹത്തിന്റെ കബറടക്ക ശുശ്രുഷകൾക്കു ആലുവയിലെ വിശുദ്ധ പൗലോസ് മോർ അത്തനാസിയോസ് വലിയ തിരുമേനിയാണ് നേതൃത്വം നൽകിയത്. പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ മദ്ബഹായോടു ചേർന്നാണ് അദ്ദേഹത്തെ കബറടക്കിയത്.
2008 ൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ ഒന്നാമൻ ഐവാസ് ബാവാ തന്റെ പാത്രിയാർക്കൽ അപ്പസ്തോലിക് ബുൾ നമ്പർ E215/08 പ്രകാരം കൊച്ചുപറമ്പിൽ തിരുമേനിയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
2017 ൽ വിശുദ്ധ കൂറിലോസ് തിരുമേനിയുടെ നൂറാം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവാ, പാത്രിയാർക്കൽ അപ്പസ്തോലിക് ബുൾ നമ്പർ E I23/17 പ്രകാരം വിശുദ്ധ പൗലോസ് മോർ കൂറിലോസ് പിതാവിന്റെ നാമം അഞ്ചാം തുബ്ദേനിൽ ലോകമെമ്പാടുമുള്ള എല്ലാ മലങ്കര സുറിയാനി ഇടവകകളിലും സ്മരിക്കുവാൻ അനുവദിച്ചു.
കൊച്ചുപറമ്പിൽ വിശുദ്ധ പൗലോസ് മോർ കൂറിലോസ് തിരുമേനി അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി, എളിമ, സുവിശേഷ മിഷനറി തീക്ഷ്ണത, അധഃസ്ഥിതരുടെ സേവനത്തിനും, വിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയ്ക്കും വേണ്ടി എല്ലാ കാലവും നിലനിന്ന പിതാവായിരുന്നു.

