തിരുവാങ്കുളം ● കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വോട്ട് രേഖപ്പെടുത്തി. തിരുവാങ്കുളം ക്യംതാ സെമിനാരി ജോർജിയൻ അക്കാദമി ഹൈസ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലായിരുന്നു ബാവ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബാവ പ്രാദേശിക തിരഞ്ഞെടുപ്പുകളെക്കുറിച്ചും സർക്കാരിൻ്റെ നീതിയെക്കുറിച്ചുമുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. നാടിന്റെ പുരോഗതിക്കും പൊതുനന്മയ്ക്കുമായി പ്രവർത്തിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാധിക്കട്ടെയെന്ന് ബാവ ആശംസിച്ചു.
തിരഞ്ഞെടുപ്പിലെ തൻ്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ, എല്ലാവരുടെയും പ്രതീക്ഷകൾ ഒരേ ദിശയിൽ വരുമ്പോൾ വിജയം ഉണ്ടാകുമെന്ന് ബാവ അഭിപ്രായപ്പെട്ടു.
പ്രാദേശിക തിരഞ്ഞെടുപ്പുകൾ സാധാരണയായി രാഷ്ട്രീയത്തിനപ്പുറം പ്രാധാന്യം നൽകുന്നത് പ്രാദേശിക, സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകൾക്കും അതിൽ ഉൾപ്പെടുന്ന വ്യക്തിഗത സ്ഥാനാർത്ഥികളെയും ബന്ധങ്ങളെയുമാണ് എന്ന് ബാവ പറഞ്ഞു. എന്നാൽ ഇതിൻ്റെയെല്ലാം പിന്നിൽ സ്വാഭാവികമായും ഒരു രാഷ്ട്രീയം ഉണ്ടാകുമെന്നും ബാവ കൂട്ടിച്ചേർത്തു.
ഈ തിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന സർക്കാരിന്റെ ഒരു വിലയിരുത്തലായി കണക്കാക്കാനാവില്ലെന്നും പ്രാദേശിക തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും പരസ്പരം വ്യത്യസ്തമായ രണ്ട് മാനങ്ങൾ ആയിട്ടാണ് കാണേണ്ടതെന്നും ബാവ വ്യക്തമാക്കി.
സർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഗവൺമെന്റ് അനീതിയായിട്ടൊന്നും ചെയ്തിട്ടില്ല, നീതിയായിട്ട് ചെയ്തിട്ടുള്ളൂ” എന്നുള്ളതാണ് തൻ്റെ വിശ്വാസമെന്നും ശ്രേഷ്ഠ ബാവ പ്രതികരിച്ചു.






