ചിയാങ് മായ് (തായ്ലൻഡ്) ● മ്യാൻമറിലെ ജനങ്ങളുടെ സുരക്ഷ, നീതിയുക്തമായ സമാധാനം, ജനാധിപത്യവൽക്കരണം എന്നിവ ലക്ഷ്യമിട്ടുള്ള ആഗോള പ്രചാരണത്തിനായി ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു.
മ്യാൻമർ നേരിടുന്ന ഗുരുതരമായ മാനുഷിക, രാഷ്ട്രീയ പ്രതിസന്ധികളോടുള്ള പ്രതികരണത്തിൽ സഭകൾ, വിശ്വാസാധിഷ്ഠിത സംഘടനകൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ, ആഗോള സമൂഹം എന്നിവയുടെ നിർണായക പങ്കിനെക്കുറിച്ച് സമ്മേളനത്തിൽ ആഴത്തിലുള്ള സംവാദങ്ങളും നിരൂപണങ്ങളും നടന്നു.
”മ്യാൻമർ പ്രതിസന്ധിയോടു പ്രതികരിക്കുന്ന സഭകളും വിശ്വാസ സമൂഹങ്ങളും” എന്ന സെഷൻ ശ്രദ്ധേയമായി. അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മോഡറേറ്ററായ ഈ സെഷൻ, നീതിക്കും സമാധാനത്തിനും മാനുഷിക അന്തസ്സിനുമായി വാദിക്കുന്നതിൽ സഭകൾക്കും വിശ്വാസ സമൂഹങ്ങൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കുമുള്ള കൂട്ടായ ഉത്തരവാദിത്തം അടിവരയിട്ടു.





