കാനഡ ● മിസിസാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. സ്വീകരണച്ചടങ്ങിനു ശേഷം ശ്രേഷ്ഠ ബാവ ദൈവാലയത്തിൽ വി. കുർബ്ബാന അർപ്പിച്ചു.
നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സ്നേഹസംഗമത്തിൽ ശ്രേഷ്ഠ ബാവ ഇടവക വിശ്വാസികളുമായി സൗഹൃദ സംഭാഷണം നടത്തി, അവരുടെ ആത്മീയ വളർച്ചയ്ക്കായി ആശംസകളും അനുഗ്രഹവും നേർന്നു.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക സന്ദർശനത്തോട് അനുബന്ധിച്ച് ഇടവക പുറത്തിറക്കിയ ഫോട്ടോ ആൽബത്തെ ശ്രേഷ്ഠ ബാവ അഭിനന്ദിച്ചു.








