വടവാതൂർ ● പരിശുദ്ധ റൂഹായുടെ കിന്നരം എന്നറിയപ്പെടുന്ന മാർ അപ്രേമിന്റെ നാമധേയത്തിൽ സ്ഥാപിതമായ കോട്ടയം ഭദ്രാസനത്തിലെ വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയുടെ 86-ാമത് വലിയപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കമായി.
പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് വി. കുർബ്ബാനയ്ക്കും കൊടിമര ഘോഷയാത്രയ്ക്കും ശേഷം കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. തുടർന്ന് പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തായെ ഇടവക അനുമോദിച്ചു.
പെരുന്നാൾ ദിവസങ്ങളായ നവംബർ 19, 20 (ബുധൻ, വ്യാഴം) തീയതികളിൽ 6.30-ന് പ്രഭാത നമസ്കാരം, 7-ന് വി. കുർബ്ബാന, വൈകിട്ട് 6-ന് സന്ധ്യാനമസ്കാരം, 6.45-ന് മാർ അപ്രേമിൻ്റെ മെമ്രകൾ, 7.15-ന് വചനശുശ്രൂഷ എന്നിവ നടന്നു. വന്ദ്യരായ കുര്യാക്കോസ് കോറെപ്പിസ്കോപ്പ മണലേൽച്ചിറ, തോമസ് കോറെപ്പിസ്കോപ്പ വേങ്കടത്ത് എന്നിവർ രണ്ടു ദിവസങ്ങളായി വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
നവംബർ 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30-ന് പ്രഭാത നമസ്ക്കാരം, 7-ന് വി. കുർബ്ബാന, വൈകിട്ട് 5.30-ന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, 6.30-ന് മാർ അപ്രേമിൻ്റെ മെമ്രകൾ, 6.45-ന് പെരുന്നാൾ സന്ദേശം, 7.45-ന് വടവാതൂർ കവലയിലുള്ള കുരിശിൻതൊട്ടിയിലേക്ക് പ്രദക്ഷിണം, 8.30-ന് പ്രദക്ഷിണത്തിന് വടവാതൂർ കവലയിൽ പൗരസ്വീകരണം, 9.30-ന്
ആശീർവാദം, ഭക്ഷണം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസമായ നവംബർ 22 ശനി രാവിലെ 7-ന് പ്രഭാത നമസ്കാരം, 8-ന്
അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ്, ഐസക്, മോർ യൂലിയോസ് ഏലിയാസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, 10-ന് പെരുന്നാൾ സന്ദേശം എന്നിവ നടക്കും. 10.30-ന് ഇടവകയിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ആദരവും ഉണ്ടാകും. 10.45-ന് ആശീർവാദം, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പ്രധാന പെരുന്നാൾ ചടങ്ങുകൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 2-ാം തീയതി ഞായറാഴ്ച ഇടവക ദിനമായി ആചരിച്ചു. അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടന്നു. തുടർന്ന് ഇടവകയുടെ കാവൽ പിതാവായ മാർ അപ്രേമിന്റെ ജീവിതദർശനങ്ങളെക്കുറിച്ചുള്ള ‘പിതൃസ്മൃതി’ എന്ന അനുസ്മരണ സമ്മേളനവും മാർ അപ്രേമിൻ്റെ മെമ്രാകളുടെ ആലാപനവും നടത്തപ്പെട്ടു.
വികാരിമാരായ ഫാ. അജു കെ. ഫിലിപ്പ് കോട്ടപ്പുറം, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര ട്രസ്റ്റി ജേക്കബ് ജോൺ നമ്പേട്ട്, സെക്രട്ടറി ഡോ. മേരി ബാവൻ വിരുത്തിപടവിൽ, ഭരണസമിതിയംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.


