വെട്ടിക്കൽ ● സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് ‘നിഖ്യ 325’ ആത്മപ്രചോദകമായി സമാപിച്ചു.
സമാപനത്തോടനുബന്ധിച്ച്
ബാംഗ്ലൂർ ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബാംഗ്ലൂർ ഭദ്രാസന എം.ജെ.എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ 25 വിദ്യാർത്ഥികൾ നാടക രൂപത്തിൽ അവതരിപ്പിച്ച നിഖ്യാ സുന്നഹദോസിന്റെ ചരിത്രദൃശ്യാവിഷ്കരണം സമ്മേളനത്തിൻ്റെ പ്രധാന ആകർഷണമായി. പ്രാചീന വിശ്വാസചരിത്രത്തെ പുനരുജ്ജീവിപ്പിക്കുന്ന ഈ അവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ് മുഖ്യ സന്ദേശം നൽകി. നിഖ്യാ സുന്നഹദോസിന്റെ കാലഘട്ടത്തിൽ സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിനായി സഭാപിതാക്കന്മാർ ജീവത്യാഗം ചെയ്തെങ്കിൽ, ഇന്ന് ചില സന്ദർഭങ്ങളിലെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്കായി അജപാലകർ പോലും വിശ്വാസത്യാഗം ചെയ്യുന്ന സാഹചര്യങ്ങൾ കണ്ടുവരുന്നു. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന അജഗണങ്ങളെ സത്യവിശ്വാസത്തിന്റെ പാതയിൽ വിശ്വസ്തതയോടെ നയിക്കുവാനും പൂർവ്വ പിതാക്കന്മാർ സംരക്ഷിച്ച് നൽകിയ വിശ്വാസം തലമുറകൾക്ക് പകർന്നു നൽകുവാനുമുള്ള വലിയ ഉത്തരവാദിത്വം സഭാ പിതാക്കന്മാരിൽ നിക്ഷിപ്തമാണെന്നും ഡോ. പ്രകാശ് പി. തോമസ് ഓർമ്മിപ്പിച്ചു.
എം.എസ്.ഒ.റ്റി സെമിനാരി പ്രസിഡൻ്റും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി. വിവിധ സഭകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്തതകളും നിലനിൽക്കുമ്പോഴും, സത്യവിശ്വാസം ഭീഷണി നേരിട്ട സാഹചര്യത്തിൽ സഭാപിതാക്കന്മാർ നിഖ്യായിൽ ഏകമനസ്സോടെ ഒരുമിച്ചുചേർന്ന് ദൈവാത്മാവിൽ വിശ്വാസം കാത്തുപരിരക്ഷിച്ച് നൽകിയതുപോലെ, ആധുനിക ലോകത്തും വിശ്വാസം പലതരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ സഭകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. വിശ്വാസസംരക്ഷണവും ക്രിസ്തീയ ദൗത്യവും മുന്നോട്ട് കൊണ്ടുപോകുവാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികാഘോഷമെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
നിഖ്യാ സുന്നഹദോസിന്റെയും വിശ്വാസപ്രമാണത്തിന്റെയും അന്തഃസത്ത പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, അതിന്റെ ദൈവശാസ്ത്രവും ചരിത്രപ്രാധാന്യവും ദൃശ്യാവിഷ്കരണത്തിലൂടെ മനോഹരമായി അവതരിപ്പിച്ച യുവതലമുറ വലിയ വിശ്വാസത്തിന്റെ മാതൃകകളാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ഗവേഷക ഡോ. സാറാ നൈറ്റ്, സെമിനാരി രജിസ്ട്രാർ പൊഫ്ര. ഫാ. ഡാനിയൽ തട്ടാറയിൽ, ഫാ. ഡോ. ഡാനിയേൽ തേജസ് എന്നിവർ പ്രസംഗിച്ചു.
വന്ദ്യ ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, വന്ദ്യ രാജു കൊളാപ്പുറത്ത് കോറെപ്പിസ്കോപ്പ, വന്ദ്യ മീഖായേൽ റമ്പാൻ, വന്ദ്യ സലീബ റമ്പാൻ, വന്ദ്യ കൗമാ റമ്പാൻ, ഫാ. ബിജു പി.എം, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. എൽദോസ് സി.യു, ഫാ. അലൻ കുര്യൻ സാബു, പൊഫ്ര. ഡോ. ഡീക്കൻ അനീഷ് കെ. ജോയി, സഭാ പ്രതിനിധികൾ, വിവിധ സെമിനാരികളിലെ അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.








