കോതമംഗലം ● ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ്-അനിയ യാക്കോബായ സുറിയാനി വലിയ പള്ളിയുടെ കീഴിൽ പുതുതായി നിർമ്മിക്കുന്ന ബെസ് അനിയ കൺവെൻഷൻ സെൻ്ററിന് തുടക്കം കുറിച്ചു. കൺവെൻഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപന കർമ്മം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു.
വിദ്യാഭ്യാസ മേഖലകളിൽ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കി കോതമംഗലം പുരോഗമിക്കുമ്പോൾ, ചേലാട് ഇടവകയും ഈ ദേശത്തിന്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സാമൂഹ്യ സേവനങ്ങളിലൂടെയും സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളിലൂടെയും സജീവമായി മുന്നോട്ട് പോകുകയാണെന്ന് ബാവ പറഞ്ഞു. പുതിയ കൺവെൻഷൻ സെന്റർ ഇവിടെ ഉയർന്നു വരുമ്പോൾ, അത് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാനാജാതി മതസ്ഥരായ ഈ ചുറ്റുപാടുകളിലുമുള്ള എല്ലാവർക്കും അവരുടെ സ്വകാര്യ-സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയപരമായും പ്രയോജനകരമാകുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ, വിശാലമായ പാർക്കിംഗ് സൗകര്യമുള്ള നല്ലൊരു സംവിധാനമാണ് ഒരുങ്ങുന്നത്. ഈ നിർമ്മാണം എത്രയും വേഗം പൂർത്തിയാവട്ടെയെന്നും ബാവ ആശംസിച്ചു.
കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു. ചടങ്ങിൽ
ജോൺ എം.എൽ.എ, മുൻ മന്ത്രി കമാൻഡർ ടി.യു കുരുവിള, വികാരി ഫാ. യൽദോ പോൾ തോമ്പ്ര, സഹവികാരിമാരായ ഫാ. കെ.പി അബ്രാഹം കിളിയൻകുന്നത്ത്, ഫാ. വർഗ്ഗീസ് പോൾ പുതുമനക്കുടിയിൽ, ട്രസ്റ്റിമാരായ റെജി സൈമൺ, റോയി വർഗ്ഗീസ്, ഫാ. ബെൻ സ്റ്റീഫൻ കല്ലുങ്കൽ, ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ഫാ. സജി അറമ്പൻകുടി എന്നീ വൈദികരും പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കിരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, കൗൺസിലർ ലിസി പോൾ തുടങ്ങിയവർ സംബന്ധിച്ചു.




