വെട്ടിക്കൽ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ
നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് ‘നിഖ്യ 325’ ആരംഭിച്ചു.
സെൻ്റ് എഫ്രേം സെമിനാരി ചാപ്പലിൽ എക്യുമെനിക്കൽ പ്രാർത്ഥനയോടെ തുടങ്ങിയ ദേശീയ കോൺഫറൻസ്, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സഭകളുടെ ഐക്യത്തിനും സത്യവിശ്വാസത്തിന്റെ പുതുക്കലിനും സഭാസൗഹൃദത്തിനും ആത്മീയ സഹയാത്രയ്ക്കും ഈ കോൺഫറൻസ് നിർണായക പ്രചോദനമാകുമെന്ന് മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.
ഇന്നത്തെ സഭാ വിഭജനങ്ങളും സുവിശേഷസാക്ഷ്യത്തിനുള്ള വെല്ലുവിളികളും നിറഞ്ഞ കാലഘട്ടത്തിൽ, ക്രിസ്തുവിൽ ഏകമനസ്സോടെ സാക്ഷ്യം നൽകാൻ സഭകൾ ഐക്യത്തോടെ മുന്നേറേണ്ടത് അത്യാവശ്യമാണെന്നും ബാവ കൂട്ടിച്ചേർത്തു.
എം.എസ്.ഒ.റ്റി വൈദിക സെമിനാരി പ്രസിഡൻ്റും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച് വിഷയാവതരണം നടത്തി. സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിൻ്റെ ചരിത്രം മെത്രാപ്പോലീത്ത അവതരിപ്പിച്ചു. സഭയുടെ സത്യവിശ്വാസം വേദവിപരീതങ്ങളിലൂടെ ഭീഷണി നേരിട്ട കാലഘട്ടത്തിൽ, സഭാപിതാക്കന്മാർ ഒരുമിച്ചുചേർന്ന് സത്യവിശ്വാസം സംരക്ഷിച്ച സുപ്രധാന കൂടിവരവാണിതെന്നും ക്രിസ്തീയ വിശ്വാസത്തിൻ്റെ ആധാരശിലയായി സഭയ്ക്ക് ലഭിച്ച നിഖ്യാ വിശ്വാസപ്രമാണം ഇന്നും ക്രിസ്തീയ സഭകളുടെ വിശ്വാസത്തിൻ്റെ മാർഗ്ഗരേഖയായി നിലകൊള്ളുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കൽദായ സുറിയാനി സഭയുടെ മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ കൊച്ചി മഹാ ഇടവക ബിഷപ്പ് റവ. കുര്യൻ പീറ്റർ, വന്ദ്യ ഡോ. ആദായി ജേക്കബ് കോറെപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ വേദശാസ്ത്രജ്ഞരും പണ്ഡിതന്മാരും, കേരളത്തിലെ പ്രധാന എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധികൾ, വിവിധ സെമിനാരികളിലെ അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
സമ്മേളനത്തിൻ്റെ ഭാഗമായി സെമിനാരി ഹാളിൽ ചരിത്രം, ദൈവശാസ്ത്രം, സമകാലികം, ആത്മീയം, എക്യൂമെനിക്കൽ, മിഷണറി, ബൈബിൾപരം, ആരാധനാക്രമം എന്നീ എട്ടു സെഷനുകളിലായി പ്രബന്ധാവതരണങ്ങളും ചർച്ചകളും നടന്നു. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾക്ക് തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര സെമിനാരി പ്രൊഫ. ഫാ. ജോസഫ് വള്ളിയാട്ട്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെന്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജി. ജെസുഡിയൻ വിജയസിംഗ്, ഇന്ത്യൻ തിയോളജിസ് ഫോറം അംഗം പൊഫ്ര. ഡോ. പോളച്ചൻ കൊച്ചപ്പിള്ളി സി.എം.ഐ, ഗവേഷക ഡോ. സാറാ നൈറ്റ്, എസ്.ഐ.ടി.എസ് സെമിനാരിയിലെ പ്രൊഫ. ഡോ. ആർ.സി. തോമസ്, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ജനറൽ സെക്രട്ടറി റവ. ഡോ. അസിർ എബനേസർ, റവ. ഡോ. ബോബി തേജസ്, പൊഫ്ര. ഫാ. ജേക്കബ് പ്രസാദ്, വന്ദ്യ ഡോ. മാണി രാജൻ കോറെപ്പിസ്കോപ്പ, ഫാ. ബിജു പി.എം., പൊഫ്ര. ഡോ. ഡീക്കൻ അനീഷ് കെ. ജോയി എന്നിവർ നേതൃത്വം നൽകി.
ഓരോ സെഷനുകളുടെയും ചർച്ചകൾക്ക് വിഷയവിദഗ്ധരായ മോഡറേറ്റർമാർ നേതൃത്വം നൽകി. എല്ലാ സഭകളുടെയും പ്രതിനിധികളെ ഒരുമിപ്പിച്ച അപൂർവ വേദിയായി ഈ സമ്മേളനം ശ്രദ്ധിക്കപ്പെട്ടു. “നിഖ്യ 325: നിഖ്യാ സുന്നഹദോസിൻ്റെയും നിഖ്യാ വിശ്വാസ പ്രമാണത്തിൻ്റെയും സാക്ഷ്യം പുതുക്കൽ” എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യവിഷയം.
സമാപന ദിനമായ നവംബർ 15 ശനിയാഴ്ച ബാംഗ്ലൂർ ക്യൂൻസ് റോഡ് സെൻ്റ് മേരീസ് കത്തീഡ്രലിലെ സൺഡേ സ്കൂൾ, യൂത്ത് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ 25 ഓളം വിദ്യാർത്ഥികൾ നിഖ്യാ സുന്നഹദോസിന്റെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കും. അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും. കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് തോമസ്, ഫാ. ഡാനിയേൽ തട്ടാറയിൽ എന്നിവർ സമാപന സന്ദേശം നൽകും.
















