വെട്ടിക്കൽ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എം.എസ്.ഒ.റ്റി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് ‘നിഖ്യ 325’ നവംബർ 14, 15 തീയതികളിൽ സെമിനാരി ക്യാമ്പസിൽ നടക്കും. ക്രിസ്തീയ ഐക്യത്തിന്റെ പാതയിലൂടെ സത്യവിശ്വാസത്തിന്റെ സാക്ഷ്യം പുതുക്കി, സഭാ സൗഹൃദത്തിനും ആത്മീയ സഹയാത്രയ്ക്കും ആഹ്വാനം ഉയർത്തുന്ന ഈ സമ്മേളനം എല്ലാ സഭകളുടെയും പ്രതിനിധികളെ ഒരുമിപ്പിക്കുന്ന അപൂർവ വേദിയായിരിക്കും.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. “നിഖ്യ 325: വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സംഗമപഥം” എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം.
എക്യുമെനിക്കൽ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സഭാസൗഹൃദം വളർത്തുക, ക്രിസ്തീയ ഐക്യം ശക്തിപ്പെടുത്തുക, ദൈവശാസ്ത്രപരമായ പ്രതിഫലനങ്ങൾ ആഴപ്പെടുത്തുക തുടങ്ങിയവയാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ. ക്രിസ്തീയ സഭകളുടെ ഐക്യത്തിനും വിശ്വാസ സംരക്ഷണത്തിനും ആഹ്വാനം ചെയ്യുന്ന ഈ സമ്മേളനം നിഖ്യാ സുന്നഹദോസിന്റെ ആത്മാവിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് സഭാചരിത്രത്തിലെ ആ മഹത്തായ പൈതൃകം നവീകരിക്കുന്നതിന് പ്രാമുഖ്യം നൽകും.
സഭാചരിത്രത്തിലെ മഹത്തായ നാഴികക്കല്ലായ നിഖ്യാ സുന്നഹദോസ്, സഭയുടെ സത്യവിശ്വാസം വേദവിപരീതങ്ങളിലൂടെ ഭീഷണി നേരിട്ട കാലഘട്ടത്തിൽ, വ്യത്യസ്തതകൾക്കിടയിലും സഭാപിതാക്കന്മാർ ഒരുമിച്ചുചേർന്ന് സത്യവിശ്വാസം സംരക്ഷിച്ച മഹായോഗമായിരുന്നു. ക്രിസ്തീയ വിശ്വാസത്തിൻ്റെ ആധാരശിലയായി സഭയ്ക്ക് ലഭിച്ച നിഖ്യാ വിശ്വാസപ്രമാണം ഇന്നും ക്രിസ്തീയ സഭകളുടെ വിശ്വാസത്തിന്റെ മാർഗ്ഗരേഖയായി നിലകൊള്ളുന്നു.
ഇന്ന് സഭകൾ വിഭജിക്കപ്പെടുകയും പല സഭകളുടെയും വിശ്വാസത്തിനും നിലനിൽപ്പിനും ഭീഷണികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, വ്യത്യസ്തതകൾക്കിടയിലും സഭകൾക്ക് ഒന്നിച്ചുനിന്ന് മുന്നോട്ട് പോകുവാനും ക്രിസ്തുവിൽ സാക്ഷ്യം നൽകാനും പ്രചോദനം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ സഭകളുടെ പ്രതിനിധികളായ അഭിവന്ദ്യ പിതാക്കന്മാർ, വേദശാസ്ത്രജ്ഞർ, പണ്ഡിതന്മാർ തുടങ്ങിയവർ കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിലെ പ്രധാന എപ്പിസ്കോപ്പൽ സഭകളുടെയും സെമിനാരികളുടെയും പ്രതിനിധികൾ ഈ ദേശീയ സമ്മേളനത്തിൽ സംബന്ധിക്കും.
പ്രബന്ധാവതരണങ്ങൾ, ചർച്ചകൾ, എക്യുമെനിക്കൽ പ്രാർത്ഥന എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വിവിധ സെമിനാരികളിലെ വൈദിക വിദ്യാർത്ഥികളും അധ്യാപകരും പ്രതിനിധികളായി കോൺഫറൻസിൽ പങ്കെടുക്കും. സമാപന ദിനമായ നവംബർ 15 ശനിയാഴ്ച ബാംഗ്ലൂർ ക്യൂൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൺഡേ സ്കൂൾ, യൂത്ത് അസ്സോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ 25 ഓളം വിദ്യാർത്ഥികൾ നിഖ്യാ സുന്നഹദോസിന്റെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കും.
