ആരക്കുന്നം ● ലഹരിയുടെ വിപത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ സ്ഥാപിച്ച ‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രത്തിൻ്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ജന്മദിനമായ ഇന്ന് നിർവഹിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ പീലക്സിനോസ് സഖറിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ്, വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം പ്രമുഖ പ്രഭാഷകനും, എഴുത്തുകാരനും, സംസ്കാരിക നായകനുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജയകുമാര്‍, ജസ്റ്റിസ് നാരായണക്കുറുപ്പ്, സ്ഥാപനത്തിൻ്റെ വൈസ് പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ്, കോർഡിനേറ്റർ
ഫാ. അതുൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ശ്രേഷ്ഠ ബാവ പ്രസിഡന്റ് ആയുള്ള ഈ സ്ഥാപനം ലഹരി വിമോചന ചികിത്സകൾക്ക് പുറമെ മദ്യപാനത്തിൽ നിന്നും വിമോചനം പ്രാപിച്ചവരുടെ കൂട്ടായ്മ (AA), വിദഗ്ദ്ധ കൗൺസിലിംഗ്, സെമിനാറുകൾ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹ്രസ്വകാല കോഴ്സുകൾ തുടങ്ങിയ വിവിധ പദ്ധതികൾ ലക്ഷ്യമിടുന്നു.
സ്ഥാപനത്തിൽ ഒരേസമയം ഇരുപതോളം പേർക്ക് താമസിച്ച് ചികിത്സയും പുനരധിവാസ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള ക്രമീകരണം പൂർത്തിയായിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം, ആത്മീയ പരിശീലനം, കൗൺസിലിംഗ് സഹായം, ഗ്രൂപ്പ് ആക്റ്റിവിറ്റികൾ എന്നിവയിലൂടെ രോഗികൾക്ക് ആത്മവിശ്വാസവും ജീവിതത്തിൽ ഒരു പുതിയ ദിശാബോധവും നൽകുക എന്നതാണ് ‘ഹോപ്പ്’ കേന്ദ്രത്തിൻ്റെ പരമമായ ലക്ഷ്യം.
