മുളന്തുരുത്തി ● പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് ഗീവർഗീസ് കൊച്ചു തിരുമേനി തൻ്റെ കാലഘട്ടത്തിൽ സമൂഹത്തിലുണ്ടായിരുന്ന പല ദുഷ്പ്രവണതകൾക്കും ദുരാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും അവ ഇല്ലാതാക്കി മനുഷ്യരാശിയെ ആകമാനം അവയിൽനിന്ന് മോചിതരാക്കുവാൻ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തുവെന്നും തിരുമേനിയുടെ സാമൂഹിക പ്രതിബദ്ധത എന്നും മാതൃകാപരമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ജന്മം നൽകിയ പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെയും പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെയും ഓർമപ്പെരുന്നാളായ തുലാം 20 പെരുന്നാളിന്റെ പ്രധാന ദിവസം വിശുദ്ധ കുർബ്ബാന അർപ്പണത്തിനുശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
സമൂഹത്തിൻ്റെ നവോത്ഥാനത്തിനും ഉന്നമനത്തിനുമായി തിരുമേനി അക്ഷീണം പ്രയത്നിച്ചു. അജ്ഞതയാണ് സമൂഹത്തിൽ നടമാടുന്ന തിന്മകളുടെ മൂലകാരണമെന്ന് തിരുമേനി വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതാണ് അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ചെറുത്തുതോൽപ്പിക്കാനുള്ള ആയുധമെന്ന് മനസ്സിലാക്കി അദ്ദേഹം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. ജാതിവ്യവസ്ഥയ്ക്കും ഉച്ചനീചത്വങ്ങൾക്കും എതിരായി നിലകൊള്ളാനും ശബ്ദമുയർത്താനും തിരുമേനിക്ക് കഴിഞ്ഞു. സമൂഹത്തിൻ്റെ നിലവാരത്തെ വിലയിരുത്തുകയും അവിടെ ദൃശ്യമായിരുന്ന ഉച്ചനീചത്വങ്ങളെ ശക്തമായി എതിർക്കുകയും ചെയ്തുവെന്ന് ബാവ പറഞ്ഞു.
എല്ലാറ്റിനേക്കാൾ അധികം ദൈവത്തെ സ്നേഹിച്ചിരുന്ന ഒരു ജീവിതമായിരുന്നു പരിശുദ്ധ കൊച്ചുതിരുമേനിയുടേത്. അതുതന്നെയായിരുന്നു ക്രിസ്തു നമ്മോടും ആവശ്യപ്പെട്ടിരുന്നത്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ പലപ്പോഴും ദൈവത്തെ മറന്നുപോകുന്ന മനുഷ്യരിൽ ആത്മീയ ബോധം ഉണർത്തുന്ന ഓർമപ്പെടുത്തലാണ് വിശുദ്ധരുടെ ഓർമപ്പെരുന്നാൾ ദിനങ്ങൾ നൽകുന്ന മഹത്തായ സന്ദേശം. ദൈവമാർഗത്തിലൂടെ സഞ്ചരിച്ച് അനേകരെ കർത്താവിൻ്റെ വഴിയിലേക്ക് നയിച്ച വിശുദ്ധന്മാർ ജീവിതത്തിൻ്റെ ചൂണ്ടുപലകകളാണെന്ന് ബാവ ഓർമപ്പെടുത്തി.
പ്രാർഥനയും വിശ്വാസവും ഒന്നിച്ചുചേരുമ്പോഴാണ് മനുഷ്യജീവിതം നന്മയിലേക്കുയരുന്നത് എന്ന സത്യമാണ് വിശ്വാസ പിതാക്കന്മാരും സഹദേവന്മാരും ജീവിതത്തിലൂടെ പഠിപ്പിച്ചത്. അനേകം പ്രതിസന്ധികളുടെയും സാമൂഹ്യ അന്ധകാരത്തിന്റെയും നടുവിലാണ് പരിശുദ്ധ കൊച്ചുതിരുമേനി ജീവിച്ചതെങ്കിലും, ദൈവസ്നേഹത്തിലും മനുഷ്യസേവനത്തിലും അദ്വിതീയമായ ഒരു മാതൃകയായി തിരുമേനി നിലകൊണ്ടു. “വിദ്യാഭ്യാസംകൊണ്ടുമാത്രം ഒരാൾ പൂർണത കൈവരിക്കുന്നില്ല. അറിവിനൊപ്പം സംസ്കാരത്തിൽ തികവുള്ളവരാകുമ്പോഴാണ് ഒരു സമൂഹം ദൈവസ്നേഹത്തിലൂടെ അതിൻ്റെ പൂർണതയിൽ എത്തുന്നത്” എന്നതാണ് തിരുമേനിയുടെ ജീവിത സന്ദേശം. അറിവിലൂടെ അന്ധകാരത്തെ നീക്കിക്കളയാമെന്ന വിശ്വാസം തിരുമേനി വളർത്തിയെടുത്തു.
”എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അത് ദൈവം തന്നതാണ്, അത് സ്വന്തം കഴിവല്ല. എല്ലാം ദൈവത്തിൻ്റേതാണെന്ന് ചിന്തിക്കുമ്പോൾ സ്വാർഥത ഉണ്ടാകില്ല; എന്നാൽ എല്ലാം സ്വന്തം ബുദ്ധിയുടേതാണെന്ന് കരുതുമ്പോൾ അവിടെ നമ്മൾ പരാജയപ്പെടും. എല്ലാറ്റിനും ഉത്തരം ദൈവമാണ്” എന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് നേതൃത്വം നൽകി. പെരുന്നാളിനോടനുബന്ധിച്ച് പദയാത്ര നടന്നു.





