കൊച്ചി ● ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകാൻ ലക്ഷ്യമിട്ട് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം ആരക്കുന്നം വട്ടപ്പാറയിൽ ആരംഭിക്കുന്ന ലഹരിവിമോചന കേന്ദ്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആത്മീയ മേൽനോട്ടത്തിൽ, ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന ‘ഹോപ്പ്’ എന്ന പേരിലുള്ള ഈ സ്ഥാപനം വിപുലമായ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
ലഹരി വിമോചന ചികിത്സകൾ, മദ്യപാനത്തിൽ നിന്ന് വിമോചനം നേടിയവരുടെ കൂട്ടായ്മ (AA), കൗൺസിലിംഗ്, സെമിനാറുകൾ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹ്രസ്വകാല കോഴ്സുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ ജന്മദിനമായ നവംബർ 10-ന് തിങ്കളാഴ്ച വൈകിട്ട് 3.30-ന് സ്ഥാപനം കൂദാശ ചെയ്ത് സഭയ്ക്കും സമൂഹത്തിനുമായി സമർപ്പിക്കും. ഒരേസമയം പതിനഞ്ചോളം പേർക്ക് താമസിച്ച് ചികിത്സ തേടാനുള്ള ആധുനിക ക്രമീകരണങ്ങളാണ് ഈ കേന്ദ്രത്തിൽ ഒരുക്കുന്നത്.
