മുളന്തുരുത്തി ● പെരുമ്പള്ളി സെന്റ് ജോർജ് സിറിയൻ സിംഹാസന ബെത് സബ്റൊ പള്ളി വക മോർ ഗ്രിഗോറിയോസ് സ്മാരക കുരിശുംതൊട്ടിയുടെ (വള്ളക്കുരിശ്)
62-ാം വാർഷികവും പരിശുദ്ധനായ ചാത്തുരുത്തിൽ കൊച്ചുതിരുമേനിയുടെ
123-ാം ഓർമ്മപ്പെരുന്നാളും ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊണ്ടാടി.
പരിശുദ്ധ ഗ്രീഗോറിയോസ് കൊച്ചുതിരുമേനി തൻ്റെ ബാല്യകാലത്ത് വന്നിരുന്ന് പ്രാർത്ഥിച്ചിരുന്നതും നിലത്തെഴുത്ത് അഭ്യസിച്ചിരുന്നതുമായ പുണ്യഭൂമിയിൽ പരിശുദ്ധൻ നാമധേയത്തിൽ പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയാൽ സ്ഥാപിതമായിട്ടുള്ളതാണ് വള്ളക്കുരിശ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായതും, ജീവിത പ്രതിസന്ധികളിൽ, പ്രയാസങ്ങളിൽ, രോഗാവസ്ഥയിൽ അനുതാപത്തോടും കണ്ണുനീരോടും വന്നു യാചിക്കുന്നവർക്ക് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹത്തിൻ്റെയും ഉറവയായി പരിലസിക്കുന്നതുമായ പുണ്യമിടമാണ് വള്ളക്കുരിശ് എന്നറിയപ്പെടുന്ന മോർ ഗ്രീഗോറിയോസ് സ്മാരക കുരിശുപള്ളി.
പരിശുദ്ധവും പരിപാവനവുമായ ഈ കുരിശു പള്ളിയിൽ എഴുത്തിനിരുന്ന് വിദ്യാരംഭം കുറിച്ചിട്ടുള്ളവരും, പ്രദേശവാസികളായ നാനാ ജാതിമതസ്ഥരും ചേർന്നാണ് പെരുന്നാൾ നടത്തിയത്.
നവംബർ 1 ശനിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാ പ്രാർത്ഥന, പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹപ്രഭാഷണം തുടർന്ന്
നേർച്ച സദ്യ എന്നിവ നടന്നു. വള്ളക്കുരിശ് കുരിശുംതൊട്ടിക്കു വേണ്ടി സ്ഥലം നൽകിയ ജോണി സഖറിയ കാട്ടുമങ്ങാട്ടിനെയും പൗരോഹിത്യത്തിൻ്റെ 20-ാം വാർഷിക നിറവിലായിരിക്കുന്ന ഫാ. ബാബു ഏലിയാസ് തെക്കുംപുറത്തിനെയും ചടങ്ങിൽ ആദരിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വന്ദ്യരായ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ബേബി ചാമക്കാല കോറെപ്പിസ്കോപ്പ എന്നിവർ കാർമികത്വം വഹിച്ചു.
പെരുന്നാൾ ചടങ്ങുകൾക്ക് പ്രസിഡന്റ് ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത്, ട്രസ്റ്റി ബാബു തോമസ്, സെക്രട്ടറി എൻ.യു പൗലോസ്, കൺവീനർമാരായ റിബു വർഗ്ഗീസ്
പി.കെ. സജോൾ, ജനറൽ കൺവീനർ
കെ. പി. മത്തായി, പ്രോഗ്രാം കോർഡിനേറ്റർ
ബിജോയ് പി. ജോൺ എന്നിവർ നേതൃത്വം നൽകി.
പരിശുദ്ധ ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെ ഇടക്കെട്ടും മുദ്രയും ഭക്ത്യാദരപൂർവ്വം ആഘോഷമായി പള്ളിയിൽ നിന്നും സ്മാരക കുരിശുപള്ളിയിലേക്ക് കൊണ്ടുവരുന്ന ചടങ്ങ് നടന്നു. പരി. പിതാവിന്റെ അമൂല്യമായ തിരുശേഷിപ്പ് വിശ്വാസികൾക്ക് കണ്ടു വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.











