കട്ടപ്പന ● യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഇന്ന് (നവംബർ 4 ചൊവ്വ) ഇടുക്കി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകും.
രാവിലെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായോടും, വൈദീകരോടുമൊപ്പം തമിഴ്നാട്ടിൽ വിവിധ പദ്ധതികൾ ശ്രേഷ്ഠ ബാവ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനവിലാസം വള്ളക്കടവ് വഴി വൈകിട്ട് 3 മണിക്ക് കട്ടപ്പന സ്കൂൾ കവലയിൽ എത്തിച്ചേരും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇടുക്കിക്കവല, അശോക ജംഗ്ഷൻ, ടി.ബി. ജംഗ്ഷൻ വഴി കട്ടപ്പന സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിച്ചേരും.
തുടർന്ന് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി, മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ടോമി, മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. ഇടുക്കി ഭദ്രാസനത്തിലെ വൈദികരും ഭാരവാഹികളും വിശ്വാസികളും സംബന്ധിക്കും.
സ്വീകരണ സമ്മേളനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
