തിരുവനന്തപുരം ● പ്രശസ്ത ശാസ്ത്രജ്ഞൻ, കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം മുൻ മേധാവി, സയൻസ് വിഭാഗം ഡീൻ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കമാണ്ടർ ഡോ. സി.എ. നൈനാൻ (97) കർത്താവിൽ നിദ്ര പ്രാപിച്ചു. വൈജ്ഞാനിക ശാസ്ത്രരംഗത്തെ അപൂർവ പ്രതിഭയാണ് അദ്ദേഹം. സസ്യലോകത്ത് ഏറ്റവും കൂടുതൽ ക്രോമസോം ഉള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്ന് കണ്ടെത്തിയത് ഡോ സി.എ. നൈനാനാണ്. ഇരുന്നൂറിലധികം അന്തർദേശീയ ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ രചിച്ച ഇദ്ദേഹത്തിൻ്റെ കീഴിൽ പതിമൂന്ന് പേർ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡോ. നൈനാൻ രചിച്ചിട്ടുള്ള DNA വഴി ജീവാത്മാവിലേക്ക് എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിവിധ ശാസ്ത്ര ഗവേഷണങ്ങൾക്ക് കേരള യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയിട്ടുള്ള ശ്രീ. ചിത്തിര പ്രൈസ് രണ്ട് പ്രാവശ്യവും, കേരള സയൻസ് ആൻഡ് ടെക്നോളജി അവാർഡും ലഭിക്കുകയുണ്ടായി.
പരമോന്നത അന്ത്യോഖ്യാ സിംഹാസനം ഷെവലിയർ, കമാൻഡർ എന്നീ പദവികളും, ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ആരംഭിക്കുന്നതിൽ അതിപ്രധാന പങ്ക് വഹിച്ച മഹത് വ്യക്തിത്വമാണ് ഡോ. സി.എ. നൈനാൻ.
ഭൗതിക ശരീരം നാളെ രാവിലെ വരെ തിരുവനന്തപുരം പട്ടം പ്ലാമൂട് ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. നവംബർ 4 ചൊവ്വാഴ്ച (നാളെ) രാവിലെ 7 മണിക്ക് സെക്രട്ടേറിയറ്റിന് പുറക് വശത്തുള്ള സെൻ്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ കൊണ്ട് വന്നതിന് ശേഷം, സഹോദര പുത്രൻ കോട്ടയം ഇത്തിത്താനം ചിറത്തലാട്ട് സി.സി. ജോണിൻ്റെ ഭവനത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ എത്തിക്കുന്നതും, പൊതുദർശനത്തിന് ശേഷം ഇത്തിത്താനം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ശുശ്രൂഷയും, വൈകിട്ട് 3 മണിക്ക് പുത്തൻചന്ത സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരവും നടക്കും.
ഭാര്യ: പരേതയായ കുഞ്ഞമ്മ നൈനാൻ (കൈലാത്ത്, ചെങ്ങന്നൂർ). മക്കൾ: ഡോ. ആൻഡ്രൂസ് നൈനാൻ (യുഎസ്എ), ഡോ. ഷീബ ജോൺ (സൗദി അറേബ്യ), താരാ കോശി (എഞ്ചിനീയർ, തിരുവനന്തപുരം), ഡോ. മാമ്മൻ നൈനാൻ (യു.കെ.).
മരുമക്കൾ: ഡോ. ലിസി ആൻഡ്രൂസ് (യു.എസ്.എ), Engr. ജോൺ തോമസ് (സൗദിഅറേബ്യ), Engr. കോശി കുര്യാക്കോസ് (എഞ്ചിനീയർ, കൂടംകുളം), എമ്മ മാമ്മൻ (യു.കെ).

