പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷന്റെ (ജെ.എസ്.ഒ.വൈ.എ) ദേശീയ യുവജന മാസാചരണം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. നവംബർ 1 മുതൽ ഡിസംബർ 7 വരെയാണ് യുവജന മാസാചരണം.
ഇതിന്റെ ഭാഗമായി സഭയിലെ ദൈവാലയങ്ങളും, പരിസരവും, പൊതു സ്ഥലങ്ങളും ശുചീകരിക്കും. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നതിന് ഇടവക തലത്തിൽ സന്നദ്ധ സേന രൂപീകരിക്കും. കിടപ്പ് രോഗികൾക്കും, അവശത അനുഭവിക്കുന്നവർക്കും വേണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കും.
സൈബർ തട്ടിപ്പ്, ലഹരി ഉപയോഗം എന്നിവയ്ക്ക് എതിരെ ബോധവൽക്കരണവും, കൂട്ടയോട്ടവും നടത്തും. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസ-ആരോഗ്യ ചികിത്സാ സഹായങ്ങൾ നൽകും. ഭക്ഷ്യ-പലചരക്കു സാധനങ്ങൾ വിതരണം ചെയ്യും. കലാ, കായിക, സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.
ജെ.എസ്.ഒ.വൈ.എ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ജെയ്സ് ജോൺ, ജനറൽ സെക്രട്ടറി കെ.സി. പോൾ കൂരൻ, ജോയിന്റ് സെക്രട്ടറി എൽദോസ് പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
