യാക്കോബായ സുറിയാനി ഓർത്തഡോക്സസ് സഭ അങ്കമാലി, കോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന കടവിൽ പൗലോസ് മോർ അത്താനാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയുടെ 118-ാമത് ഓർമ്മപ്പെരുന്നാൾ ഇന്ന് പരിശുദ്ധ സഭ ആചരിക്കുന്നു
കടവിൽ തിരുമേനി എന്നറിയപ്പെടുന്ന പൗലോസ് മോർ അത്താനാസിയോസ് തിരുമേനി കോട്ടയം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും, അങ്കമാലി ഭദ്രാസനത്തിന്റെ ദ്വിതീയ മെത്രാപ്പോലീത്തയുമാണ്.
ഭരണകർത്താവ്, ബഹുഭാഷ പണ്ഡിതൻ, ഗ്രന്ഥകർത്താവ്, വാഗ്മി, വാസ്തു ശില്പി, മൽപ്പാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭനായിരുന്നു തിരുമേനി. 1833 ൽ വടക്കൻ പറവൂരിൽ കടവിൽ കുടുംബത്തിൽ ഭൂജാതനായി. 1846 ൽ ചേപ്പാട് തിരുമേനിയിൽ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. 1854 ൽ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായിൽ നിന്ന് കശ്ശീശപട്ടം സ്വീകരിച്ചു. 1876 ൽ വടക്കൻ
പറവൂർ പള്ളിയിൽ വെച്ച് പരി. പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. കോട്ടയം ഭദ്രാസനത്തിന് തിരുമേനിയുടെ കാലത്ത് വളരെയേറെ പുരോഗതി പ്രാപിക്കുവാൻ സാധിച്ചു. അമ്പാട്ട് മോർ കുറിലോസ് തിരുമേനി കാലം ചെയ്തതിനെ തുടർന്ന് അങ്കമാലി ഭദ്രാസനത്തിൻ്റെ ചുമതലയും തിരുമേനി നിർവ്വഹിച്ചു. കോട്ടയം പഴയ സെമിനാരി മൽപ്പാൻ, പാത്രിയർക്കീസ് ബാവായുടെ മലയാളത്തെ പ്രതിപുരുഷൻ തുടങ്ങി അനേക ചുമതലകൾ നിർവ്വഹിച്ചു. ആലുവ തൃക്കുന്നത്ത് പള്ളിയുടെ പണിപൂർത്തിയാക്കിയതും തിരുമേനിയായിരുന്നു.
തൻ്റെ കുടുംബസ്വത്തുക്കൾ മാതൃഇടവകയായ വടക്കൻ പറവൂർ പള്ളിയ്ക്കും ആലുവ തൃക്കുന്നത്ത് സെമിനാരിക്കും ദാനം ചെയ്തത് അനുകരണീയമായ മാതൃക കാണിച്ചു. കടവിൽ പൗലോസ് മോർ അത്താനാസിയോസ് തിരുമേനി 1907 നവംബർ 2 ന് കാലം ചെയ്ത് ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങി.
