മണർകാട് ● പ്രാർത്ഥനയെ ആയുധമാക്കി ജീവിതം മുഴുവൻ സഭയെ നയിച്ച, പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ സഭയെ വളർത്തിയ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ആഗേള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം സുറിയാനി കത്തീഡ്രലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബാന ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട അനുഗ്രഹീത നിമിഷമായി മാറി.
1974 മുതൽ 2024 വരെയുള്ള നീണ്ട 51 വർഷക്കാലം യാക്കോബായ സുറിയാനി സഭാ മക്കളെ ഇടയശ്രേഷ്ഠതയിൽ നയിച്ചുകൊണ്ട്, അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച്, പുണ്യ പിതാക്കന്മാർ വഴിതെളിച്ച മലങ്കര സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ച, ‘മലങ്കരയുടെ യാക്കോബ് ബുർദ്ധാന’ യുടെ ദീപ്തമായ സ്മരണകൾ പ്രാർത്ഥനയുടെയും വിശ്വാസ തീക്ഷ്ണതയുടെയും പ്രതിധ്വനികളായി അലയടിച്ചു.
1982-ൽ മണർകാട് പള്ളിയിൽ നടത്തപ്പെട്ട വി. മൂറോൻ കൂദാശ ഒരു തലമുറയ്ക്ക് അനുഗ്രഹത്തിന്റെ കാരണമായതു പോലെ, ഇന്ന് നടന്ന വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബാന ഈ തലമുറയ്ക്ക് എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അനുഗ്രഹീത നിമിഷമായി മാറി. യാക്കോബായ സുറിയാനി സഭയുടെയും, മണർകാട് പള്ളിയുടെയും ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട അനുഗ്രഹീത സുദിനമായി തീർന്നു.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് ഒന്നാമൻ കാതോലിക്കാ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന്റെ സ്മരണയിൽ മണർകാട് വിശുദ്ധ മർത്തമറിയം സുറിയാനി കത്തീഡ്രൽ പള്ളിയിൽ പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി ശ്രേഷ്ഠമായി നടന്ന വിശുദ്ധ അൻപത്തിയൊന്നിൻമേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ മോർ തീമോത്തിയോസ് തോമസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാർക്കൊപ്പം വന്ദ്യ കോറെപ്പിസ്കോപ്പമാരും കോട്ടയം ഭദ്രാസനത്തിലെയും സഭയിലെ വിവിധ ദൈവാലയങ്ങളിലെയും വൈദികരും സഹകാർമികരായി.
















