 
        പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വാഹനറാലി സംഘടിപ്പിച്ചു. ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് സെൻ്റ് ജോർജ് കത്തീഡ്രലിൽ നിന്ന് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്കാണ് ശ്രേഷ്ഠ ബാവായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള റാലി നടന്നത്.
അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡൻ്റും ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഛായാചിത്ര റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഭദ്രാസന വൈദിക വൈസ് പ്രസിഡൻ്റ് ഫാ. ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ, ഉപമേഖലാ വൈദിക വൈസ് പ്രസിഡൻ്റുമാരായ ഫാ. സന്തോഷ് തെറ്റാലിൽ, ഫാ. എൽദോസ് മണപ്പാട്ട്, ഫാ. റോഷൻ തച്ചേത്തിൽ, ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ഭാരവാഹികളായ അൽമായ വൈസ് പ്രസിഡൻ്റ് ജിത്തു ജോർജ്, സെക്രട്ടറി ഡോയൽ എൽദോ റോയ്, ജോയിന്റ് സെക്രട്ടറി ഷാരോൺ ഏലിയാസ്, ട്രഷറർ ജൂഡിൻ ജോയി, അഖില മലങ്കര പ്രതിനിധി സിനോൾ വി. സാജു, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള നൂറോളം യുവജനങ്ങൾ റാലിയിൽ പങ്കെടുത്തു. കടമറ്റം, കോലഞ്ചേരി എന്നീ പള്ളികളിൽ നിന്നുള്ള വിശ്വാസികൾ റാലിക്ക് സ്വീകരണം നൽകി. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ചേർന്ന ഛായാചിത്ര റാലിയെ അഭിവന്ദ്യരായ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത, സഭാ അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ, വൈദികർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വൈകിട്ട് ആറിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും നേയ്യപ്പ നേർച്ചയും നടന്നു






 
         
         
        