 
        ചെന്നൈ ● പെരുമ്പാക്കം സെൻ്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ നവീകരിച്ച മദ്ബഹയുടെ കൂദാശ കർമ്മം (ബെസ്കുദീശ കൂദാശ) മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നിർവഹിച്ചു. കൂദാശയ്ക്ക് ശേഷം, മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന്, പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് പുതിയ പേടകത്തിൽ സ്ഥാപിക്കുകയും പെരുന്നാൾ കൊടിയേറ്റ് നടത്തുകയും ചെയ്തു.
‘പിതൃമൊഴികൾ’ എന്ന പേരിൽ ജെ.എസ്.സി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ശ്രേഷ്ഠ ബാവായുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ഫാ. ജെംസ് ജേക്കബ് മാത്യു തയ്യാറാക്കിയ പുസ്തകം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.
വികാരി ഫാ. ചെറിയാൻ ഐപ്പ്, ഫാ. ഗീവർഗീസ് കടുംകീരിൽ, ഫാ. സിബി പോൾ കായനാട്, ഫാ. ജെംസ് ജേക്കബ് മാത്യു എന്നീ വൈദികരും ശെമ്മാശന്മാരും നൂറു കണക്കിന് വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു. സെക്രട്ടറി മിഥുൻ ടി. ജേക്കബ്, ട്രസ്റ്റി റെബു സഖറിയ തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.








 
         
         
        