മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മൂവാറ്റുപുഴ മേഖലയിലെ നവീകരിച്ച വടക്കൻ മാറാടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും, പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും സഹകാർമികത്വം വഹിച്ചു.
ദൈവാലയത്തിലേക്ക് എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരെയും വിശ്വാസികൾ മണ്ണത്തൂർ കവലയിൽ നിന്ന് ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് കൽകുരിശിന്റെയും കൊടിമരത്തിന്റെയും കൂദാശ നടന്നു. സന്ധ്യാനമസ്കാരത്തിനു ശേഷം നവീകരിച്ച ദൈവാലയത്തിന്റെ കൂദാശയും പെരുന്നാൾ കൊടിയേറ്റവും ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു. പള്ളിയുടെ പ്രധാനപ്പെരുന്നാളായ ശിലാസ്ഥാപന പെരുന്നാളിനും പരിശുദ്ധ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിനും ഇതോടെ തുടക്കമായി.
ഇന്ന് ഒക്ടോബർ 24, വെള്ളിയാഴ്ച: രാവിലെ 6.30-ന് പ്രഭാതപ്രാർത്ഥന, 7-ന് വി. കുർബ്ബാന, വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7-ന് ഗാനശുശ്രൂഷ, 7.15-ന് സുവിശേഷയോഗം, 8.45-ന് സമാപനപ്രാർത്ഥന എന്നിവ നടക്കും.
ഒക്ടോബർ 25, ശനിയാഴ്ച: രാവിലെ 6.30-ന് പ്രഭാതപ്രാർത്ഥന, 7-ന് വി. കുർബ്ബാന, വൈകിട്ട് 6.30-ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, 8-ന് പ്രദക്ഷിണം, 9-ന് കരിമരുന്ന് പ്രയോഗം, ആശീർവാദം എന്നിവ നടക്കും.
പ്രധാന പെരുന്നാൾ ദിനമായ ഒക്ടോബർ 26, ഞായറാഴ്ച: രാവിലെ 7.30-ന് പ്രഭാതപ്രാർത്ഥന, 8.30-ന് നടക്കുന്ന വിശുദ്ധ മുന്നിന്മേൽ കുർബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനായിരിക്കും. തുടർന്ന് 10 മണിക്ക് വിദ്യാഭ്യാസ അവാർഡ്, ചികിത്സാ സഹായം, അഗതി പെൻഷൻ വിതരണം, 10.30-ന് തിരുശേഷിപ്പ് വണക്കം, 11-ന് പ്രദക്ഷിണം, 12-ന് ആശീർവാദം, നേർച്ചസദ്യ, 1.30-ന് വഴിപാട് ലേലം, 2-ന് കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
വികാരി ഫാ. ഷാനു കെ. പൗലോസ് കല്ലുങ്കൽ, ട്രസ്റ്റിമാരായ എൽദോ ജോസഫ് ഒറമഠത്തിൽ, എൻ.എം. വർഗീസ് നിരവത്ത്, സെക്രട്ടറി എൻ.വി. ഷാജി നെല്ലിമറ്റത്തിൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.





