മണർകാട് ● മലങ്കര സുറിയാനി സഭയുടെ വിശ്വാസപ്പോരാളിയായിരുന്ന ‘മലങ്കരയുടെ യാക്കോബ് ബുർദ്ദാന’ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നടക്കും.
പ്രാർത്ഥനയെ ആയുധമാക്കി 1974 മുതൽ 2024 വരെ നീണ്ട 51 വർഷക്കാലം മേൽപ്പട്ട സ്ഥാനം വഹിച്ച്, അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് മലങ്കര സുറിയാനി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിച്ച്, ഹൃദയത്തിലേറ്റി വഴി നടത്തിയ പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവായെ വിശ്വാസി സമൂഹം വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയിലൂടെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കും.
നവംബർ 1 ശനിയാഴ്ച കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ ത്രോണോസുകളിൽ രാവിലെ 7.30-ന് പ്രഭാത നമസ്കാരം നടക്കും. 8.30-ന് നടക്കുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യകാർമികത്വം വഹിക്കും. അഭിവന്ദ്യരായ മോർ തീമോത്തിയോസ് തോമസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാർക്കൊപ്പം വന്ദ്യ കോറെപ്പിസ്കോപ്പമാരും കോട്ടയം ഭദ്രാസനത്തിലെയും സഭയിലെ വിവിധ ദൈവാലയങ്ങളിലെയും വൈദികരും സഹകാർമികരാകും.
വികാരി വന്ദ്യ ഇ.ടി. കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്ടാടത്ത്, സഹവികാരിമാരായ വന്ദ്യ കെ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ കിഴക്കേടത്ത്, വന്ദ്യ കുര്യാക്കോസ് ഏബ്രഹാം കോറെപ്പിസ്കോപ്പ കറുകയിൽ, ജെ. മാത്യു മണവത്ത് കോറെപ്പിസ്കോപ്പ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, ഫാ. ലിറ്റു റ്റി. ജേക്കബ് തണ്ടാശ്ശേരിൽ, ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാമ്പറമ്പിൽ, ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല പുത്തൻപുരയിൽ, സെക്രട്ടറി ചെറിയാൻ പി.എ. പാണാപറമ്പിൽ പുത്തൻപുരയ്ക്കൽ, പള്ളി ഭരണസമിതി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയ്ക്കായി പള്ളിമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ത്രോണോസുകൾക്കൊപ്പം ജർമൻ മാതൃകയിലുള്ള വിശാലമായ പന്തലും ക്രമീകരിക്കുന്നുണ്ട്.
