കാരക്കുന്നം ● “ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്, എന്നാൽ നമ്മൾ ദൈവത്തോടൊപ്പമാണോ? നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും ദൈവത്തോട് കൂടെയാണോ?” – വിശ്വാസ ജീവിതത്തിൽ ഈ ചോദ്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. കുർബ്ബാനയർപ്പണത്തിനു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ക്രിസ്തുവിനോടൊപ്പം സഞ്ചരിച്ച ഒരു ജനതയുടെ ശ്രേഷ്ഠതയാണ് നമ്മുടെ സഭയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ബാവ ചൂണ്ടിക്കാട്ടി. ജീവകാരുണ്യമാണ് യഥാർത്ഥ ക്രിസ്തീയതയുടെ കാതൽ. മറ്റുള്ളവരുടെ നൊമ്പരങ്ങളെയും വേദനകളെയും നമ്മുടേതായി മാറ്റിയെടുക്കുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്ത്യാനികളാകുന്നത്. സുരക്ഷിതത്വബോധമില്ലാത്ത ഒരു സഹജീവി നമുക്ക് ചുറ്റുമുണ്ടെങ്കിൽ, അവരുടെ അവസ്ഥയിൽ നാമും കുറ്റക്കാരാണ്. ദാനമായി നൽകുന്നതിലുപരി, അവരെ സഹായിക്കേണ്ടതും ചേർത്തുനിർത്തേണ്ടതും നമ്മുടെ അവകാശമാണ്. ഈ അവകാശം ക്രിസ്തീയ മനോഭാവത്തോടെ നിറവേറ്റുമ്പോളാണ് ദൈവരാജ്യാനുഭവത്തിലേക്ക് നമുക്ക് ചേർന്നുനിൽക്കുവാൻ സാധിക്കുകയെന്നും ബാവ ഓർമ്മിപ്പിച്ചു.
ആഘോഷങ്ങൾ ആർഭാടമാകുമ്പോൾ ആത്മീയത ചോർന്നുപോകരുത്.
ഇന്നത്തെ കാലത്ത് ആർഭാടങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. പല പള്ളിക്കാരും കമ്മിറ്റിക്കാരും ആഘോഷങ്ങൾക്കും പെരുന്നാളുകൾക്കുമായി ലക്ഷങ്ങൾ ചെലവഴിക്കാൻ ഉത്സാഹിക്കുന്നവരാണ്. ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചെലവിടുന്നതിനു പകരം, ആ തുകയെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ മാറ്റിവെച്ചാൽ അവിടെയാണ് ദൈവം നമ്മിൽ കൂടുതൽ പ്രസാദിക്കുന്നത്. ഇന്നത്തെ ആഘോഷങ്ങൾക്ക് വേറെ മുഖമായി. ആത്മീയതയുടെ അളവുകോൽ കുറഞ്ഞുപോകുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. രക്തസാക്ഷിത്വം വഹിച്ച സഹദേന്മാരുടെ പെരുന്നാളുകൾ എന്തിനാണ് ഇത്ര ആഘോഷമാക്കുന്നതെന്ന് ചിന്തിക്കണമെന്നും ബാവ പറഞ്ഞു.
ആത്മീയത ചോർന്നുപോകാതെ, അവരുടെ സാക്ഷിത്വത്തിൽ നിന്നും നല്ല പാഠങ്ങൾ ഉൾക്കൊണ്ട് നന്മ പ്രവർത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോളാണ് ക്രിസ്തുസുവിശേഷം നമ്മളിലൂടെ വെളിപ്പെടുത്തുവാൻ സാധിക്കുക. മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ സാധിക്കുമ്പോളാണ് ദൈവത്തിന്റെ സൃഷ്ടി എന്ന നിലയിൽ നമുക്ക് ദൈവാനുഭവമുള്ളവരായി മാറുവാൻ കഴിയുകയെന്ന് ബാവ കൂട്ടിച്ചേർത്തു.
സഭയുടെ നിലനിൽപ്പിൻ്റെയും ഭാവിയുടെയും പൂർണ്ണമായ ഭാഗധേയം വിശ്വാസി സമൂഹത്തിൻ്റെ കണ്ണുനീരോടുകൂടിയ പ്രാർത്ഥനയും സഭയോടുള്ള സ്നേഹവും സമർപ്പണവുമാണെന്ന് ശ്രേഷ്ഠ ബാവ അടിവരയിട്ടു പറഞ്ഞു. പ്രതിസന്ധികളിലൂടെയും വ്യവഹാരങ്ങളിലൂടെയും സഭ മുന്നോട്ടുപോകുമ്പോൾ, വിശ്വാസത്തിന് മങ്ങലേൽപ്പിക്കാതെ ചേർന്നുനിന്നത് വിശ്വാസി സമൂഹമാണ്. ആ സമൂഹത്തെ ശുശ്രൂഷിക്കാൻ ഭാഗ്യം ലഭിക്കുന്നത് സ്വർഗ്ഗത്തിൽ നിന്ന് ദൈവം തരുന്ന ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്നും ബാവ വ്യക്തമാക്കി.
നീതിപീഠം നീതിബോധത്തോടുകൂടി പരിശുദ്ധ സഭയുടെ ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടാതെ തിരികെ ലഭിക്കുവാനായി അനുകൂലമായ പരാമർശങ്ങളും വിധികളും പുറപ്പെടുവിക്കട്ടെ. അതേസമയം, നമ്മോട് എതിർത്തുനിൽക്കുന്ന സഹോദരങ്ങൾക്ക് ഒരു ദോഷവും സംഭവിക്കാതെ പരിശുദ്ധ സഭ ഒരു രക്ഷാതീരത്ത് എത്തണമെന്ന പ്രാർത്ഥനയാണ് മുൻഗാമി ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായും എപ്പോഴും നടത്തിയിരുന്നത്. മറുവിഭാഗം സഹോദരങ്ങൾക്ക് ഒരു നഷ്ടവും വരുത്താതെ ഈ പരിശുദ്ധ സഭയെ ദൈവം കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനയാണ് നമുക്കുള്ളതെന്നും ബാവ പറഞ്ഞു. അത്ഭുതങ്ങൾ നടക്കാൻ കാത്തിരിക്കേണ്ടി വന്നേക്കാം, ദൈവത്തിൻ്റെ ഇഷ്ടം ഏത് രീതിയിൽ വന്നാലും അതിനെ ഏറ്റെടുക്കുവാനുള്ള ഒരുക്കവും മനോഭാവവും നമുക്കുണ്ടാകണം.
ദൈവത്തിൻ്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകി ദൈവത്തെ കൂടുതലായി സ്നേഹിക്കണം. ജീവിക്കാൻ ദ്രവ്യം ആവശ്യമുണ്ടെങ്കിലും, അവിടെ നമ്മൾ സ്നേഹിക്കേണ്ടുന്നത് ദൈവത്തെയാണ്. ദൈവത്തെ സ്നേഹിക്കുകയും ദ്രവ്യത്തെ ആ സ്നേഹമുള്ള ജീവിതത്തിൻ്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക. ദ്രവ്യാഗ്രഹമുള്ളവരായി ജീവിക്കാതെ, ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നവരും ക്രിസ്തു സ്വഭാവമുള്ളവരുമായി നമുക്ക് മാറ്റപ്പെടണമെന്ന് ബാവ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്തു.
അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ദൈവാലയത്തിലേക്ക് എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണമാണ് വിശ്വാസികൾ നൽകിയത്.
കത്തീഡ്രലിൻ്റെ 725-ാം ശിലാസ്ഥാപന വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ താക്കോൽദാനവും 725-ാമത് ഡയാലിസ് കൂപ്പൺ, ഓക്സിജൻ സിലിണ്ടർ വിതരണവും ശ്രേഷ്ഠ ബാവ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
വികാരി ഫാ. എൽദോസ് പാറയ്ക്കൽ പുത്തൻപുര, ഫാ. ഗീവർഗീസ് വാഴാട്ടിൽ, സഹവികാരി ഫാ. ശിതിൻ രാജു പണ്ടാരക്കുന്നേൽ, ട്രസ്റ്റിമാരായ എ.വി സ്കറിയ അമ്പഴച്ചാലിൽ, പൗലോസ് വർഗീസ് പുത്തേത്ത്, കെ.ടി. മത്തായിക്കുഞ്ഞ്, പി.സി. സ്കറിയ, ഷെറിൽ ജേക്കബ്, പ്രഫ. കെ.വി. തോമസ്, എം.എം. ബിജുമോൻ, അമൽ സാബു, ഷീല സാന്റി, വി.പി. എൽദോസ് എന്നിവർ പ്രസംഗിച്ചു.



