പുത്തൻകുരിശ് ● അറിവിന്റെ വെളിച്ചം പകരുക എന്നതിലുപരി, സമൂഹത്തിന് നന്മയേകുന്ന, ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് അധ്യാപകരുടെ യഥാർത്ഥ ദൗത്യമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ബോധിപ്പിച്ചു. മലേകുരിശ് ബി.എഡ് കോളേജിൽ നൽകിയ സ്വീകരണ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
സമൂഹത്തെ കാർന്നു തിന്നുന്ന മദ്യം, മയക്കു മരുന്ന്, രാസലഹരി എന്നിവയുടെ ദുരുപയോഗം തടയാൻ അധ്യാപകർ പ്രതിജ്ഞാബദ്ധരായിരിക്കണം എന്ന് ബാവ ആഹ്വാനം ചെയ്തു. മാതാപിതാക്കളും, അധ്യാപകരും ഈ വിഷയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തേണ്ടത് കാലഘട്ടത്തിന്റ അനിവാര്യതയാണ്. മാതൃകകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, വിദ്യാർത്ഥികൾക്ക് മുന്നിൽ ഉത്തമ മാതൃകകളായി നിലകൊള്ളാൻ അധ്യാപകർ ശ്രമിക്കണം. സമൂഹത്തിലെ മാറ്റങ്ങൾ തിരിച്ചറിയുവാനും അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും കഴിവുള്ളവരായിരിക്കണം അധ്യാപകർ എന്നും ബാവ കൂട്ടിച്ചേർത്തു.
കോളേജിലെ പേൾ ജൂബിലി ആഘോഷങ്ങൾ ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അഡ്വ. ഡോ. ഡിക്സൺ പി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കമാണ്ടർ ടി.യു കുരുവിള, കമാണ്ടർ കെ.എ. തോമസ്, പുത്തെൻകുരിശ് സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ റെജി, ഡോ. പി.എ ജേക്കബ്, ഡോ. ടിറ്റോ ചെറിയാൻ, പ്രൊഫ. ബിനി ജോൺ, വിദ്യാർഥി പ്രതിനിധികളായ വർഗീസ് ജോർജ്, ദിൽന എം.കെ എന്നിവർ പ്രസംഗിച്ചു. കോളേജിന്റെ സ്നേഹോപഹാരം പ്രിൻസിപ്പൽ ശ്രേഷ്ഠ ബാവായ്ക്ക് സമർപ്പിച്ചു.









