പുത്തന്‍കുരിശ് ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ കൂടിയ പരി. സഭാ മാനേജിംഗ് കമ്മിറ്റിയോഗം, കാലം ചെയ്ത ഭാഗ്യ സ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ 2025 ഒക്ടോബര്‍ 26-ാം തീയതി മുതല്‍ 31-ാം തീയതി വരെ വിപുലമായ പരിപാടികളോടു കൂടി ആചരിക്കുവാന്‍ തീരുമാനിച്ചു.
2025 ഒക്ടോബര്‍ 26-ാം തീയതി ഞായറാഴ്ച പരി. സഭയിലെ എല്ലാ ദൈവാലയങ്ങളിലും ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധദിനം ആചരിക്കും. ഒക്ടോബര്‍ 26-ാം തീയതി ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ 6.30 ന് വി. കുര്‍ബ്ബാനയോടുകൂടി ശ്രാദ്ധപെരുന്നാള് ആരംഭിക്കും. ഒക്ടോബര്‍ 27-ാം തീയതി വൈകിട്ട് 5 മണിയ്ക്ക് കൊടി ഉയര്‍ത്തും. ഒക്ടോബര്‍ 27, 28, 29, 30 തീയതികളില്‍ വി. കുര്‍ബ്ബാന അഭി. മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ നടക്കും.
30-ാം തീയതി ഉച്ചയ്ക്കുശേഷം ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്ര ആരംഭിക്കും. കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള വിശ്വാസികള്‍ കടമറ്റത്തെത്തി കടമറ്റം പള്ളിത്താഴത്തുനിന്നും, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ളവര്‍ പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും, തെക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുള്ളവര്‍ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും, കൂടാതെ മുളന്തുരുത്തി, പിറവം മേഖലകളില്‍ നിന്നും തീര്‍ത്ഥയാത്ര നടത്തുന്നതിന് മാനേജിംഗ് കമ്മിറ്റി അനുവാദം നല്കി. എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വൈകീട്ട് 5.30 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ എത്തിച്ചേരുന്നതും, ശ്രേഷ്ഠ കാതോലിക്ക ബാവായുടേയും, അഭി. പിതാക്കന്മാരുടേയും, സഭാ ഭാരവാഹികളുടേയും നേതൃത്വത്തില്‍ സ്വീകരിക്കുന്നതാണ്. തുടര്‍ന്ന് ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തപ്പെടും.
പ്രധാന ശ്രാദ്ധ പെരുന്നാള്‍ ദിനമായ ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 8.30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും, അഭി. പിതാക്കന്മാരുടെ സഹ കാര്‍മികത്വത്തിലും വി. മൂന്നിന്മേല് കുര്‍ബ്ബാനയും തുടര്‍ന്ന് അനുസ്മരണ സന്ദേശവും നടത്തപ്പെടും. വി. കുര്‍ബ്ബാനാനന്തരം എത്തിച്ചേരുന്ന എല്ലാ വിശ്വാസികള്‍ക്കും നേര്‍ച്ച സദ്യ നല്‍കും. ഇതിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തപ്പെടും.
2024- 2025 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റേഴ്സായ ഷെവ. ഉമ്മച്ചന് വേങ്കടത്ത്, ശ്രീ. ബേസില്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം 2024 – 2025 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഐക്യകണ്ഠേന മാനേജിംഗ് കമ്മിറ്റി അംഗീകരിച്ചു. പാത്രിയര്‍ക്കാസെന്ററിലെ കണ്വെന്ഷന് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനും എയര്‍കണ്ടീഷന്‍ സൗകര്യം ഏര്‍പ്പെടുത്തി സോളാര്‍ കൂടി ക്രമീകരിക്കുന്നതിനുമായി 2.75 കോടി രൂപയുടെ ബഡ്ജറ്റിന് യോഗം അംഗീകാരം നല്കി.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ പേരില്‍ ആരംഭിക്കുവാന്‍ പോകുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രേഷ്ഠ ബാവായുടെ ശ്രാദ്ധപ്പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 31-ാം തീയതി ആരംഭിക്കുന്നതാണ്.
പരി. സഭയുടെ സഭാദിന കവര്‍ പിരിവ് ഒക്ടോബര്‍ 15-ാം തീയതി മുതല്‍ നവംബര്‍ 7-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായും, സഭാ ഭാരവാഹികളും ഭദ്രാസന/മേഖലാ ആസ്ഥാനങ്ങളില്‍ നേരിട്ടെത്തി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
പരി. നിഖ്യാ സുന്നഹദോസ്, പരി. മുളന്തുരുത്തി സുന്നഹദോസ് എന്നിവയുടെ പ്രാധാന്യം ഇന്നത്തെ വിശ്വാസി സമൂഹത്തേയും, പൊതു സമൂഹത്തേയും അറിയിക്കുന്നതിന് വേണ്ട വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുന്നതിനും, ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത മാനേജിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.
സഭാ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബാവാ മാനേജിംഗ് കമ്മിറ്റിയെ ധരിപ്പിച്ചു. കേസുകളിലൂടെ സത്യം വെളിവാക്കപ്പെടുന്നതിന് എല്ലാ സഭാമക്കളും കൂട്ടായി പ്രാര്‍ത്ഥിക്കണമെന്ന് ശ്രേഷ്ഠ ബാവാ അഭ്യര്‍ത്ഥിച്ചു. 2025 ഡിസംബര്‍ 26 മുതല്‍ 31 വരെ സഭാ ആസ്ഥാനത്ത് വച്ച് പരി. സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗം വിജയപ്രദമാക്കുന്നതിന് പ്രാര്‍ത്ഥനയോടെ ഒരുങ്ങണമെന്ന് ശ്രേഷ്ഠ ബാവാ യോഗത്തെ അറിയിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സ്മരണാര്‍ത്ഥം സാമൂഹ്യ- സാംസ്ക്കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയ്ക്ക് അവാര്‍ഡ് നല്‍കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഭി. ഡോ. എബ്രഹാം മോര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. കുര്യാക്കോസ് മോര് ക്ലിമീസ്, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ശ്രീ. ജേക്കബ് സി. മാത്യു എന്നിവരും പ്രസംഗിച്ചു.
വിടവാങ്ങിയത് സഭയുടെ വിശ്വസ്ത പുത്രനും മുന്നണിപ്പോരാളിയും : ശ്രേഷ്ഠ കാതോലിക്ക ബാവ
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ വിശ്വസ്ത പുത്രനും, മുന്‍ സഭാ വര്‍ക്കിഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗവും കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കമാണ്ടര്‍ ശ്രീ. പി.പി. തങ്കച്ചന്റെ ദേഹവിയോഗം പരിശുദ്ധ സഭയ്ക്കും പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
പരിശുദ്ധ സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിലും പ്രത്യേകിച്ച് എഴുപതുകളില്‍ ആലുവായില്‍ നടന്ന വിശ്വാസ സംരക്ഷണ പോരാട്ടത്തിലും ധീരോദാത്തമായ നേതൃത്വം കൊടുത്ത മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പരിശുദ്ധ സഭയ്ക്കു വേണ്ടി വിശ്വാസികള്‍ക്കൊപ്പം മര്‍ദ്ദനവും പീഡനവും സഹിച്ച് പോരാടിയ തികഞ്ഞ സഭാ സ്നേഹി കൂടിയായിരുന്ന അദ്ദേഹം സഭയ്ക്ക് നല്കിയ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടും. കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വിശ്വസ്തനായിരുന്ന കമാണ്ടര്‍ ശ്രീ. പി. പി. തങ്കച്ചന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയിലും വളര്‍ച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചുവെന്നും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
കമാണ്ടര്‍ ശ്രീ. പി. പി. തങ്കച്ചന്റെ ദേഹവിയോഗത്തിലും ഇക്കാലയളവില്‍ നിര്യാതരായ ബഹു. വൈദീക ശ്രേഷ്ഠരുടേയും, സഭാ മക്കളുടേയും ദേഹവിയോഗത്തിലും പരി. സഭാ മാനേജിംഗ് കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തി.

