പുത്തൻകുരിശ് ● കേരളത്തിലെ വിവിധ എയ്ഡഡ് സ്കൂളുകൾ, ഹൈസ്കൂളുകൾ, ഹയർസെക്കൻഡറി സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി താൽക്കാലിക നിയമനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ബഹുമാനപ്പെട്ട സർക്കാരിനോട് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ വർക്കിംഗ് കമ്മിറ്റി അഭ്യർഥിച്ചു.
സ്ഥിര നിയമനത്തിന് അംഗീകാരം ലഭിക്കാത്തതിനാൽ നിരവധി അധ്യാപകരും അവരുടെ കുടുംബങ്ങളും ഏറെ ദുരിതത്തിലാണ്. ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റി നിർത്തിയശേഷം, ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകൾ, ഇതര മാനേജ്മെന്റുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് സ്ഥിര നിയമനം നൽകേണ്ടതുണ്ട്.
സാമ്പത്തികമായി ഏറെ ക്ലേശിക്കുന്ന ഈ വിഭാഗം അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ആശങ്കകൾ അകറ്റി, ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ വർക്കിംഗ് കമ്മിറ്റി യോഗം ബഹുമാനപ്പെട്ട സർക്കാരിനോട് ആവശ്യപ്പെട്ടു.
