ബർമിങ്ഹാം ● തിന്മ അധികരിക്കുന്ന കാലഘട്ടത്തിൽ, നന്മ ചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതെന്ന കർത്താവിൻ്റെ പ്രബോധനം കുടുംബങ്ങൾ ഉൾക്കൊണ്ടു മുന്നേറേണ്ടത് അനിവാര്യമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അഭിപ്രായപ്പെട്ടു. ബിർമിങ്ഹാമിൽ നടന്ന യു.കെ ഭദ്രാസന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.
ക്രൈസ്തവജീവിതത്തിൻ്റെ മഹത്തായ സാക്ഷ്യവും ദൈവസാന്നിധ്യത്തിൻ്റെ വ്യക്തമായ അടയാളവുമാണ് നന്മ പ്രവർത്തനം. തിന്മ നിറയുന്ന അരിപ്പകളാകാതെ, നന്മ നിറഞ്ഞ മുറമായിത്തീരാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന് ബാവ ഓർമ്മിപ്പിച്ചു. കുടുംബത്തിൽ നിന്ന് ഉത്ഭവിക്കുന്ന നന്മയുടെ പ്രവാഹം സമൂഹത്തിലേക്കും സഹജീവികളിലേക്കും എത്തണം. വ്യക്തിജീവിത വിജയത്തിനും കുടുംബസമാധാനത്തിനും സഭാജീവിത സാക്ഷ്യത്തിനും നിരന്തരം നന്മ ചെയ്യേണ്ടത് അനിവാര്യമാണ്.
ഭിന്നതകൾ വർധിക്കുന്ന ആധുനിക സമൂഹത്തിൽ, സാത്താൻ്റെ വലയങ്ങളിൽ വീഴാതിരിക്കാൻ കൂട്ടായ്മ അത്യാവശ്യമാണ്. പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മ പോലെ, ദൈവമക്കളായ നമ്മിലും കൂട്ടായ്മയുടെ ആഴം വളർത്തണം. നിസ്സാര കാരണങ്ങളാൽ ഭിന്നതയുടെ വിത്ത് വിതയ്ക്കുന്ന പ്രവണതകളെ അതിജീവിക്കണമെന്നും, കൂട്ടായ്മയുടെ ആത്മീയ ശക്തിയാണ് സഭയെ സാക്ഷിയായി നിലനിർത്തുന്നതെന്നും ബാവ പറഞ്ഞു.
സുവിശേഷ പ്രഘോഷണത്തിനും ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും നന്മ പ്രവർത്തനത്തിനും പ്രാപ്തരാക്കുന്നത്, ആഴമുള്ള ‘കൊയ്നോണിയ’ ഭാവത്തിലുള്ള ഒത്തുചേരലുകളാണ്. നന്മ ചെയ്യുക, കൂട്ടായ്മയിൽ ഉറച്ചുനിൽക്കുക എന്നീ ദൈവിക പ്രബോധനം ഉൾക്കൊണ്ട സഭയുടെ തനിമ വിശ്വാസപൂർവ്വം മുറുകെപ്പിടിക്കാനും, പൈശാചിക പ്രവണതകളെ കൂട്ടായ്മ കൊണ്ട് അതിജീവിക്കാനും ശ്രേഷ്ഠ ബാവ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സഭാമക്കൾ നന്മ ചെയ്യുന്നവരും കൂട്ടായ്മയിൽ ശക്തിപ്പെടുന്നവരുമാകണമെന്നും അവിടെ നിശ്ചയമായും ദൈവസാന്നിധ്യമുണ്ടാകുമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
യു.കെ ഭദ്രാസനത്തിന്റെ 11-ാമത് കുടുംബ സംഗമം ബർമിങ്ഹാമിൽ രണ്ടു ദിവസങ്ങളിലായി ആത്മീയ നിറവിൽ വിജയകരമായി സമാപിച്ചു. റെഡ്ഡിച്ച് സെന്റ് ജോസഫ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആതിഥേയത്വത്തിൽ, എം.എസ്.ഒ.സി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. മുഖ്യാതിഥിയായി എത്തിയ ശ്രേഷ്ഠ ബാവയ്ക്ക് സംഗമ വേദിയിൽ വിശ്വാസികൾ ഹൃദ്യവും ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകി.
യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പാത്രിയാർക്കാ പതാക ഉയർത്തിയതോടെ കുടുംബ സംഗമം ആരംഭിച്ചു. ഫാ. സോജു എം. തോമസ് കുടുംബ നവീകരണ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്കും യുവാക്കൾക്കും ബൈബിൾ ക്ലാസുകളും വിവിധ സാംസ്കാരിക പരിപാടികളും നടന്നു. യു.കെ ഭദ്രാസനത്തിലെ 49 ഇടവകകളിൽ നിന്നായി 1600-ലധികം പ്രതിനിധികൾ പങ്കെടുത്തത് സമ്മേളനത്തെ വൻ വിജയമാക്കി.
ന്യൂ ബിംഗ്ലി ഹാളിൽ നടന്ന വിപുലമായ സ്വീകരണ ചടങ്ങിൽ ഭദ്രാസനത്തിലെ മുഴുവൻ വിശ്വാസികളും ചേർന്ന് ശ്രേഷ്ഠ ബാവയ്ക്ക് സ്ഥാന ലബ്ധിയിൽ അനുമോദനം നേർന്നു. ബ്രിസ്റ്റോൾ മേയറും എമറിറ്റസ് കൗൺസിലറുമായ സർ ടോം ആദിത്യ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസനത്തിലെ എല്ലാ വൈദികരും കൗൺസിൽ ഭാരവാഹികളും സംബന്ധിച്ചു.
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ സഹകാർമികത്വത്തിലും, പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ 340-ാമത് ദുഃഖ്റോനോയോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബ്ബാനയോടെയാണ് സമ്മേളനം സമാപിച്ചത്. സമാപനദിവസത്തിൽ ശ്രേഷ്ഠ ബാവ എം.എസ്.ഒ.സി കൗൺസിൽ ഭാരവാഹികളെയും വൈദിക കുടുംബത്തെയും പ്രത്യേകം അഭിവാദ്യം ചെയ്തു.







