
കോർക്ക് ● അയർലൻഡിലെ കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഹൃദ്യമായ സ്വീകരണം നൽകി.
സന്ധ്യാനമസ്ക്കാരത്തിനായി പളളിയിൽ എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായെ ഇടവകാംഗങ്ങൾ സ്നേഹാദരവോടെ വരവേറ്റു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ
ശ്രേഷ്ഠ ബാവായുടെ സ്ഥാനലബ്ധിയിൽ ഇടവക ഒന്നടങ്കം ആദരം പ്രകടിപ്പിച്ചു. ഇടവകയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് അസ്സോസിയേഷന്റെയും, വനിതാ സമാജത്തിന്റെയും സംയുക്ത സഹകരണത്തോടെ അർഹരായവർക്ക് വീടു വെച്ചു നൽകുന്ന ഭവന നിർമ്മാണ പദ്ധതിയായ ‘ബയ്ത്തൊ ദാലോഹേ (ദൈവ ഭവനം)’
ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ പങ്കുവെക്കലിന്റെ ആനന്ദവും സംസ്കാരവും പുതിയ തലമുറ ജീവിതത്തിൽ പകർത്തണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. ജീവകാരുണ്യപ്രവർത്തനം എന്നത് നാം ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കുന്നതിനുള്ള ഉപാധിയാണ്. അതിൽ സന്തോഷവും സമാധാനവും കാരുണ്യവുമുണ്ടെന്ന് ബാവ ഓർമ്മിപ്പിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവ ദൗത്യം എന്നും ബാവ കൂട്ടിച്ചേർത്തു. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ആദ്യത്തെ സംഭാവന ട്രസ്റ്റി ജയ്മോൻ മർക്കോസ് ശ്രേഷ്ഠ ബാവായെ ഏല്പിക്കുകയും, ബാവ യൂത്ത് അസ്സോസിയേഷൻ ഭാരവാഹികളായ എൽദോ രാജൻ, ചാർളി മാത്യു, വനിതാ സമാജം ഭാരവാഹികളായ സോയ ഐസക്, ജിൻസി ബേസിൽ എന്നിവർക്ക് കൈമാറി.
പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ജോജോ ജോസഫ് സ്വാഗതം പറഞ്ഞു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജിനോ ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോബിമോൻ സ്കറിയ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബിജോയ് കാരുകുഴിയിൽ, സെക്രട്ടറി ക്രൈസ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ഭദ്രാസന ജോയിന്റ് സെക്രട്ടറിയും, ഇടവക ട്രസ്റ്റിയുമായ ജയ്മോൻ മാർക്കോസ് കൃതഞ്ജത അറിയിച്ചു.



