
കോതമംഗലം ● പ്രാർത്ഥനയുടെയും വൃതശുദ്ധിയുടെയും ദിനരാത്രങ്ങളിലേക്ക് കോതമംഗലം. ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയുയർത്തിയതോടെ ഭക്തിസാന്ദ്രമായ തുടക്കമായി. ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പരിശുദ്ധ ബാവായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ നിന്നാണ് പള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിച്ചത്. ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്ന പ്രദക്ഷിണം വാദ്യമേളങ്ങളുടെയും കരിമരുന്നു പ്രയോഗത്തിന്റെയും അകമ്പടിയോടെ പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്.
പ്രാർത്ഥനയ്ക്ക് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. മതസൗഹാർദത്തിന്റെ പ്രതീകമായി പ്രദക്ഷിണവഴിയിൽ തൂക്കുവിളക്കേന്തി പുതീയ്ക്കൽ സുരേഷ് മുൻ നിരയിൽ ഉണ്ടായിരുന്നു. കോഴിപ്പിള്ളി ചക്കാലക്കുടിയിൽ എത്തിയ പരിശുദ്ധ ബാവയെ ചെറിയപള്ളിയിലേക്ക് വഴികാണിച്ചത് പുതിയ്ക്കൽ കുടുംബാംഗമായിരുന്നു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിത്. കൊടിയേറ്റിന് സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
സഭയിലെ അനേകം വൈദീകർ, കോതമംഗലം എംഎൽഎ ആന്റണി ജോൺ, പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് കുന്നപ്പിള്ളി, മുവാറ്റുപുഴ എംഎൽഎ അഡ്വ. മാത്യു കുഴൽനാടൻ, മുൻ മന്ത്രി ടി.യു. കുരുവിള, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, ഷിബു തെക്കും പുറം, ഷമീർ പനയ്ക്കൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഗവർമെന്റിന്റെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജന പ്രതിനിധികൾ, മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
കൊടിയേറ്റിനു ശേഷം കരിങ്ങാച്ചിറ പള്ളിയിൽ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച വിശ്വാസികൾക്കായി നൽകി. ബാവ കോതമംഗലത്ത് എത്തിച്ചേർന്നപ്പോൾ ബാവയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽ നിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്റെ അനുസ്മരണയിലാണ് തമുക്ക് നേർച്ച നൽകുന്നത്. കരിങ്ങാച്ചിറയിൽ നിന്നും വികാരിമാരായ ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ട്രസ്റ്റിമാർ, അൽമായ വൈസ് പ്രസിഡന്റ്, സംഘടന ഭാരവാഹികളും എത്തിച്ചേർന്നു.
പരിശുദ്ധ ബാവ കാലം ചെയ്ത സമയത്ത് സ്വയം പ്രകാശം പരത്തിയ കൽക്കുരിശിലെ പെരുന്നാൾ വെള്ളിയാഴ്ച നടത്തപ്പെടും. 6.30 ന് പ്രഭാത നമസ്കാരം, 7.15 ന് മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, പ്രദക്ഷിണം, ആശീർവാദം, 3 നു സ്റ്റാൾ ലേലം, 6 നു സന്ധ്യാനമസ്കാരം എന്നിവ നടക്കും. ഒക്ടോബർ 2 മുതൽ 4 വരെയാണു പ്രധാന പെരുന്നാൾ.













