
ലണ്ടൻ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വരവേല്‍ക്കാന്‍ യുകെയിലെ വിശ്വാസി സമൂഹം ഒരുങ്ങി. കാതോലിക്ക സ്ഥാന ലബ്ധിക്കു ശേഷം ആദ്യത്തെ യുകെ സന്ദര്‍ശനം ഗംഭീര ആഷോഘമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 21 ഞായർ മുതൽ 28 വരെ നീളുന്ന സന്ദർശനത്തിനായി വിശ്വാസികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
നേരത്തെ കുവൈത്ത് സന്ദർശനത്തിനു ശേഷം അയർലണ്ട് സന്ദർശനത്തിനായി എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. എബിൻ ഊന്നുകല്ലിങ്കൽ, ഫാ. ഗീവർഗ്ഗീസ് തണ്ടായത്ത്, ഡോ. സലിം എന്നിവർ ചേർന്ന് സ്വീകരിച്ചിരുന്നു. തുടർന്ന് അയർലണ്ട് സന്ദർശത്തിനായി ശ്രേഷ്ഠ ബാവ യാത്ര തിരിച്ചു.
സെപ്റ്റംബർ 21 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അയർലൻഡിൽ നിന്ന് റോഡ് മാർഗം ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ
കല്ലിട്ട പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ യുകെ പാത്രിയാർക്കൽ വികാരി മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. അജു വർഗീസ്, സഹവികാരി ഫാ. എൽദോസ് എം.സി, സെക്രട്ടറി പോൾ കുര്യാക്കോസ്, ട്രസ്റ്റി ബെനറ്റ് മാത്യു, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക വിശ്വാസികൾ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നതിനും ബാവ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പള്ളിയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനവും നടക്കും. ശേഷം തുടർ സന്ദർശനത്തിനായി ബാവ അയർലണ്ടിലേക്ക് മടങ്ങും.
സെപ്റ്റംബർ 24 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് യുകെയിലേക്ക് മടങ്ങിയെത്തുന്ന ബാവായ്ക്ക് ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ യുകെ ഭദ്രാസന കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ഇടവകകളിലെ പ്രതിനിധികൾ എന്നിവർ ചേർന്ന് വിപുലമായ സ്വീകരണം നൽകും. തുടർന്ന് വിവിധ ദിവസങ്ങളിൽ ശ്രേഷ്ഠ ബാവ എക്യുമിനിക്കൽ പരിപാടികളിലും പൊതു സമ്മേളനങ്ങളിലും ബാവ പങ്കെടുക്കും.
26-ന് വെള്ളിയാഴ്ച വൈകിട്ട് ഭദ്രാസനത്തിലെ കൗൺസിൽ അംഗങ്ങൾ, വൈദികർ, പള്ളികളിൽ നിന്നുള്ള ഭരണസമിതി അംഗങ്ങൾ എന്നിവരുമായി സൗഹൃദ സംഭാഷണവും സ്നേഹവിരുന്നിലും പങ്കെടുക്കും. തുടർന്ന് 27-ന് ശനിയാഴ്ച യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ റെഡിച്ച് പള്ളിയുടെ ആതിഥേയത്വത്തിൽ ബർമിങ്ഹാമിൽ നടക്കുന്ന കുടുംബ സംഗമത്തിൽ ശ്രേഷ്ഠ ബാവ മുഖ്യാതിഥിയാകും.
രാവിലെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഫാമിലി കോൺഫറൻസിൽ കുടുംബ നവീകരണ ക്ലാസുകൾ, കുട്ടികൾക്കും കൗമാരക്കാർക്കും ബൈബിൾ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നേതൃത്വം നൽകും. വൈകിട്ട് 4 മണിക്ക് ശ്രേഷ്ഠ ബാവായ്ക്ക് ഭദ്രാസനത്തിലെ മുഴുവൻ അംഗങ്ങളുടെയും സാന്നിധ്യത്തിൽ വിപുലമായ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മത-സാമുദായിക നേതാക്കളും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. ഭദ്രാസനത്തിലെ അൻപതോളം ഇടവകകളിൽ നിന്നായി 1500-ലധികം ആളുകൾ ഈ കോൺഫറൻസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് സന്ധ്യാ പ്രാർത്ഥന, പൊതു സമ്മേളനം, വിവിധ മത-സാമുദായിക നേതാക്കളുടെ ആശംസകൾ, രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യം, പിന്നീടുള്ള സാംസ്കാരിക പരിപാടികൾ എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിക്കും.
28-ന് ഞായറാഴ്ച കുടുംബ സംഗമത്തിൻ്റെ സമാപന ദിവസം പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഭദ്രാസനാടിസ്ഥാനത്തിൽ ആഘോഷിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. 28-ന് വൈകിട്ട് ശ്രേഷ്ഠ ബാവായ്ക്ക് വിവിധ സഭകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 29 ന് ശ്രേഷ്ഠ ബാവ നാട്ടിലേക്ക് മടങ്ങും.
യുകെ ഭദ്രാസന കുടുംബ സംഗമത്തിൻ്റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. യുകെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലാവുന്ന ശ്രേഷ്ഠ ബാവായുടെ സന്ദര്‍ശനം ആഘോഷമാക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് യുകെയിലെ സഭാ വിശ്വാസികള്‍. കാതോലിക്ക ബാവായുടെ സന്ദര്‍ശനത്തിന് നേതൃത്വം വഹിക്കുന്ന പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോര് ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത യുകെയിൽ എത്തിയിട്ടുണ്ട്.

