
കുവൈത്ത് സിറ്റി ● മലങ്കര യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷൻ – യു.കെ. ഭദ്രാസനത്തിന്റെ ആദരം കുവൈറ്റ് മോർ അത്താനാസിയോസ് ജാക്കബൈറ്റ് സൺഡേ സ്കൂളിന് നൽകി. വർഷങ്ങളായി കുവൈത്തിലെ മോർ അത്താനാസിയോസ് സൺഡേസ്കൂൾ “ജാക്കബൈറ്റ് വെക്കേഷൻ ബൈബിൾ സ്കൂൾ” (ജെ.എസ്.വി.ബി.എസ്) വഴിയായി യു.കെ ഭദ്രാസനത്തിനു നൽകുന്ന സേവനകൾക്ക് വേണ്ടിയാണ് ആദരവ്. ബാഹ്യകേരളത്തിലെ വിവിധ പള്ളികളിലും ഇന്ത്യയ്ക്ക് വെളിയിൽ വിവിധ ഭദ്രാസനങ്ങളിലും മോർ അത്താനാസിയോസ് സൺഡേസ്കൂൾ പ്രസിദ്ധീകരിക്കുന്ന വി.ബി.എസ് പുസ്തകങ്ങളും പാട്ടുകളും ഉപയോഗിച്ച് വരുന്നു.
കുവൈത്ത് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ആത്മീയ സംഘടനയായി 1977-ൽ സ്ഥാപിതമായ മോർ അത്താനാസിയോസ് സൺഡേ സ്കൂൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൺഡേ സ്ക്കൂൾ പ്രസ്ഥാനം ആണ്. 500-ലധികം കുട്ടികളും അൻപതിൽ പരം അധ്യാപകരും മോർ അത്താനാസിയോസ് സൺഡേ സ്കൂളിന്റെ ഭാഗമാണ്. കുവൈത്ത് ഇടവകയുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ വെച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ എം.ജെ.എസ്.എസ്.എ-യു.കെ ഭദ്രാസനത്തിന്റെ ആദരം മോർ അത്താനാസിയോസ് യാക്കോബായ സൺഡേ സ്കൂളിന് നൽകി.
സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ബേസിൽ സി. ഏലിയാസ്, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ഷെറിൻ ഷിനു, സ്റ്റാഫ് സെക്രട്ടറി ജിബി സുശീൽ, ബർസാർ അജു പി. ഏലിയാസ്, സൺഡേ സ്കൂൾ ഓഡിറ്റർ ബിജു എം. വർഗീസ് എന്നിവർ സൺഡേ സ്കൂളിന് വേണ്ടി അംഗീകാരം ഏറ്റുവാങ്ങി. വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട്, ഇടവക സെക്രട്ടറി ജിനു എം. ബേബി, ട്രസ്റ്റി അലക്സ് താഴവന എന്നിവർ സന്നിഹിതരായിരുന്നു.

