
കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ ‘കന്നി 20’ പെരുന്നാൾ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ നടക്കും. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാം ഓർമപ്പെരുന്നാളാണിത്. ഒക്ടോബർ 2 മുതൽ 4 വരെയാണ് പ്രധാന പെരുന്നാൾ.
സെപ്റ്റംബർ 25 ന് രാവിലെ 7:15 ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, വൈകിട്ട് 4 മണിക്ക് ചക്കാലക്കുടി ചാപ്പലിൽ നിന്ന് പള്ളിയിലേക്കു പ്രദക്ഷിണം, 5 മണിക്ക് കൊടിയേറ്റ് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടിയുടെ നേതൃത്വത്തിൽ നടത്തപ്പെടും. തുടർന്ന് കരിങ്ങാച്ചിറ പള്ളിയിൽ നിന്നുള്ള തമുക്ക് നേർച്ചയുടെ വിതരണം നടത്തും.
സെപ്റ്റംബർ 26 വെള്ളിയാഴ്ച കൽക്കുരിശ് പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 7:15ന് അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, പ്രദക്ഷിണം, ആശീർവാദം, വൈകുന്നേരം 3 മണിക്ക് സ്റ്റാൾ ലേലം എന്നിവ നടത്തപ്പെടും.
സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 7:30 ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന. സെപ്റ്റംബർ 28 ഞാറാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബ്ബാന അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടത്തപ്പെടും. , 7:30ന് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, 9 മണിക്ക് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന, വൈകിട്ട് 6:30 ന് അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന എന്നിവ നടത്തപ്പെടും.
സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 7:15ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, സെപ്റ്റംബർ 30 ചൊവ്വാഴ്ച്ച രാവിലെ 7:15 ന് അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ എന്നിവ നടത്തപ്പെടും.
ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 7:15 ന് അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന. ഒക്ടോബർ 2 ചൊവ്വാഴ്ച രാവിലെ 7:15 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 5 മണിക്ക് തീർഥാടകർക്ക് സ്വീകരണം, 6.30 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാ നമസ്കാരം, പ്രസംഗം, 10 മണിക്ക് നഗര പ്രദക്ഷിണം, ആശീർവാദം, ആകാശ വിസ്മയം എന്നിവ നടത്തപ്പെടും.
ഒക്ടോബർ 3 ബുധനാഴ്ച രാവിലെ 5:30 ന് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പൊലീത്തായും, 7 മണിക്ക് അഭിവന്ദ്യ മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയും, 8:30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായും വിശുദ്ധ കുർബ്ബാന അർപ്പിക്കും. 10:30 ന് നേർച്ചസദ്യ, 2 മണിക്ക് പ്രദക്ഷിണം, ആശീർവാദം, സമാപന ദിനമായ ഒക്ടോബർ 4 വ്യാഴാഴ്ച രാവിലെ 8 മണിക്ക് അഭിവന്ദ്യ മോർ അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, 9 മണിക്ക് പാച്ചോർ നേർച്ച, 10:30 ന് ലേലം, വൈകിട്ട് 4 മണിക്ക് കൊടിയിറക്കം, 6.15 ന് സന്ധ്യാ നമസ്ക്കാരം എന്നിവ നടത്തപ്പെടും.
കന്നി 20 പെരുന്നാളിന്റെ കോതമംഗലം തീർഥാടന വിളംബര ഘോഷയാത്ര പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവായുടെ കബറിന്റെ ഛായാചിത്രം വഹിച്ച്, ഇന്നലെ പള്ളിവാസലിൽ നിന്ന് ആരംഭിച്ചു. പരിശുദ്ധ ബാവാ വി. കുർബ്ബാന അർപ്പിച്ച അള്ളാകോവിലിൽ (മാർ ബസേലിയോസ് നഗർ) രാവിലെ 10:30 ന് അഭിവന്ദ്യ മോർ അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ പള്ളികളിൽ സ്വീകരണത്തിന് ശേഷം ഇന്ന് കോതമംഗലത്തെത്തുന്ന തീർഥാടന വിളംബര ഘോഷയാത്രയ്ക്ക് വൈകിട്ട് 5:10 ന് തങ്കളത്തു നഗരസഭയുടെയും, 5.25 ന് പള്ളിത്താഴത്തു വലിയപള്ളിയുടെയും സ്വീകരണം നൽകും. തുടർന്ന് 5:40 ന് ചെറിയ പള്ളിയിൽ കബറിങ്കൽ ധൂപപ്രാർഥന നടത്തും.





